a

കൊച്ചി: മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ടെർമിനൽ സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 1.30നായിരുന്നു ആദ്യ പരീക്ഷണയോട്ടം

വേഗത കുറച്ച്, ഭാരം കയറ്റാതെയാണ് എസ്.എൻ ജംഗ്ഷൻ - തൃപ്പൂണിത്തുറ മേഖലയിലെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നൽ സംവിധാനങ്ങളിലെ കൃത്യത ഉൾപ്പെടെ ഉറപ്പുവരുത്താൻ പരീക്ഷണ ഓട്ടംകൊണ്ട് സാധിച്ചു. വരും ദിവസങ്ങളിലും പരീക്ഷണയോട്ടം തുടരും.

തൃപ്പൂണിത്തുറയിൽ നിന്ന് മറ്റ് മേഖലകളിലേക്ക് ഭാവിയിൽ മെട്രോ ലൈൻ ദീർഘിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും പ്ലാറ്‌ഫോമും നിർമ്മിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പ്രോജെക്ടസ് വിഭാഗം ഡയറക്ടർ എം.പി. രാംനാവാസ് അറിയിച്ചു.

ഡയറക്ടർ സിസ്റ്റംസ് സഞ്ജയ് കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ വിനു.സി. കോശി, സിഗ്‌നലിംഗ് ആൻഡ് ട്രാക്ഷൻ വിഭാഗം ജനറൽ മാനേജർ മണി വെങ്കട് കുമാർ തുടങ്ങിയവർ പരീക്ഷണയോട്ടത്തിന് നേതൃത്വം നൽകി.