കോലഞ്ചേരി: കുന്നത്തുനാട്ടിലെ നവകേരളസദസ് ഇന്ന് നടക്കും. വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ തയ്യാറാക്കിയ വേദിയിലാണ് സദസ് നടക്കുന്നത്. പതിനായിരം പേർക്കുള്ള ഇരിപ്പിടങ്ങളോടെ വേദി തയ്യാറായി. ഇരുപതിനായിരം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾക്ക് വികസനക്കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാനും പരാതികൾ നൽകാനുമായി 21 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2 മുതൽ കൗണ്ടറുകൾ പ്രവർത്തിക്കും. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വനിതകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ആദ്യ കൗണ്ടറിൽനിന്ന് ടോക്കൺഎടുത്തശേഷംവേണം പരാതികൾ നല്കാൻ. വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽസംഘം ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടികൾ നടക്കുന്നത്.
സദസിന് മുന്നോടിയായി വൈകിട്ട് 4മുതൽ അലോഷിയുടെ ഗസൽസന്ധ്യ അരങ്ങേറും. എല്ലാ ബൂത്തുകളിൽനിന്നും വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ തോന്നിക്ക ജംഗ്ഷൻ മുതൽ കോലഞ്ചേരി ബ്‌ളോക്ക് ജംഗ്ഷൻവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും വാഹനപാർക്കിംഗ് നിരോധിച്ചതായി പുത്തൻകുരിശ് പൊലീസ് അറിയിച്ചു. വൈകിട്ട് 3മുതൽ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മൂവാറ്റുപുഴയിൽനിന്ന് എറണാകുളത്തേയ്ക്ക് പോകുന്ന ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തോന്നിക്ക ജംഗ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പൊലീസ് നിർദ്ദേശിക്കുന്ന റോഡിലൂടെ കുറിഞ്ഞിപ്പള്ളി ജംഗ്ഷൻവഴി പുത്തൻകുരിശ് ടൗണിൽ എത്തി എറണാകുളം ഭാഗത്തേക്ക് പോകണം. എറണാകുളത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതുപ്പനം പെട്രോൾപമ്പിന് എതിർവശം എം.എൽ.എ റോഡുവഴി കൊതുകാട്ടിപീടിക, മൂശാരിപ്പടി, കാരമോളപീടിക, മങ്ങാട്ടൂർ, ഞെരിയാൻകുഴിവന്ന് തോന്നിക്ക ജംഗ്ഷനിലെത്തി മുവാറ്റുപുഴ ഭാഗത്തേക്ക് പോകണം. തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നുള്ളവർ ബ്ലോക്ക് കവലയിലും മഴുവന്നൂർ, വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ നിന്നുള്ളവരെ കോടതി ജംഗ്ഷനിൽ ഇറക്കിയശേഷം വാഹനങ്ങൾ തോന്നിക്ക ഹിൽടോപ്പിലും പാർക്ക് ചെയ്യണം. കോലഞ്ചേരി മെഡിക്കൽ കോളേജ് മൈതാനി, പെരുമ്പാവൂർ റോഡിന് സമീപമുള്ള രണ്ട് മൈതാനങ്ങളും പാർക്കിംഗിനായി ക്രമീകരിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു.