ആലുവ: നവകേരള സദസിനെ വിമർശിച്ചെന്ന പേരിൽ വ്യാപാരിയെ മർദ്ദിച്ചവർ നിരീക്ഷണക്യാമറയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കും കൊണ്ടുപോയതായി പരാതി. ആലുവ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ തോമസിനെ ക്രൂരമായി മർദ്ദിച്ചശേഷമാണ് തെളിവ് നശിപ്പിക്കുന്നതിനായി അക്രമിസംഘം ഹാർഡ് ഡിസ്‌ക് അഴിച്ചുകൊണ്ടുപോയതെന്ന് വ്യാപാരികൾ പറയുന്നു.
ആലുവയിൽ നവകേരള സദസ് നടന്ന വ്യാഴാഴ്ച നട്ടുച്ചയോടെയാണ് സി.ഐ.ടിയുക്കാർ മർദ്ദിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി മടങ്ങിയ തോമസ് കടുത്ത ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ഇപ്പോൾ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലാണ്.
മാർക്കറ്റ് പ്രവർത്തിച്ചില്ല,
വ്യാപാരികളുടെ പ്രതിഷേധമാർച്ച്
നവകേരള സദസിനെ വിമർശിച്ചതിന്റെ പേരിൽ ആലുവ പച്ചക്കറി മാർക്കറ്റിലെ വ്യാപാരി തോമസിനെ സി.ഐ.ടി.യു നേതാക്കളുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ മർദ്ദിച്ചതിനെതിരെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു.
പ്രതിഷേധയോഗം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർബാബു ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് അംഗം ജോഷി ജോൺ കാട്ടിത്തറ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, വൈസ് പ്രസിഡന്റ് ലത്തീഫ് പൂഴിത്തറ, ജോയിന്റ് സെക്രട്ടറി പി.എം. മൂസാക്കുട്ടി, യൂത്ത് വിംഗ് പ്രസിഡന്റ് അജ്മൽ കാമ്പായി, അസീസ് അൽബാബ്, സ്റ്റാൻലി ഡൊമിനിക്, പി.എ. ഷാജൻ, റഫീഖ് ഗുഡ്‌ലുക്ക് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് മനേഷ് മാത്യു, പി.എ. നവാസ്, പി.ജെ. സന്തോഷ്, കെ.ഐ. ഡേവിഡ്, സി.കെ.ആർ. സന്തോഷ്, എ.എസ്. അഷ്‌റഫ്, പി.എ. യൂസഫ് എന്നിവർ നേതൃത്വം നൽകി.
നവകേരള സദസിന്റെ മറവിൽ
അഴിഞ്ഞാട്ടമെന്ന്
ആലുവ: നവകേരള സദസിന്റെ മറവിൽ സി.പി.എം ഒത്താശയോടെ ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്ന് ജനകീയ പ്രതിരോധ സമിതി ആലുവ മേഖലാകമ്മിറ്റി ആരോപിച്ചു. വിമർശിച്ചതിന്റെ പേരിൽ ആലുവ മാർക്കറ്റിൽ പച്ചക്കറി വ്യാപാരിയെ ക്രൂരമായി മർദ്ദിച്ചത് ഇതിന് തെളിവാണ്. സർക്കാരിന്റെ പരിപാടിയെന്ന പേരിൽ നടത്തുന്ന നവകേരള സദസിന്റെ നടത്തിപ്പുകാർ ഫലത്തിൽ സി.പി.എം പ്രാദേശിക, ജില്ലാ നേതാക്കളാണ്. പൊലീസിനെ നോക്കുകുത്തിയാക്കിയും നിയമം കൈയിലെടുത്തും നടത്തുന്നത് ജനാധിപത്യ സമൂഹത്തിന് ചേരാത്ത
നടപടിയാണെന്നും സമിതി കൺവീനർ കെ.പി. സാൽവിൻ കുറ്റപ്പെടുത്തി.