mp-rajesh

വൈപ്പിൻ: രാവിലെ 11ന് ആരംഭിക്കുമെന്ന് പറഞ്ഞ വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസിന് മുഖ്യമന്ത്രിയെത്തിയപ്പോൾ 12 മണി കഴിഞ്ഞു. ഈ സമയം മുൻ നിശ്ചയിച്ച പ്രകാരം സംസാരിച്ചത് മൂന്ന് മന്ത്രിമാർ.... വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലും അവരവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജനങ്ങൾക്ക് മുൻപാകെ പ്രസംഗിച്ചത്....

ഗൗരവമുള്ള വാക്കുകൾ കേട്ടിരുന്ന ജനങ്ങൾക്ക് മുമ്പിലേക്ക് മൂന്നാമനായെത്തിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പൊതുവെ ഗൗരവത്തോടെ സംസാരിക്കുന്ന രാജേഷ് ഇക്കുറി ഒന്നിലേറെത്തവണ സദസിനെ ചിരിപ്പിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനം വരുന്നുവെന്ന് തെറ്റിദ്ധരിച്ച് ആളുകൾ എഴുന്നേറ്റപ്പോൾ രാജേഷ് ഇങ്ങനെ പറഞ്ഞു...മുഖ്യമന്ത്രി വരുമ്പോ ഞാൻ പ്രസംഗം നിറുത്തിക്കോളാം...അതുവരെ നിങ്ങൾ ഇങ്ങോട്ട് തിരിഞ്ഞിരിക്കണം... സദസിലുയർന്ന ചിരിക്കിടെ എല്ലാവരും വേദിയിലേക്ക് നോക്കി തിരിഞ്ഞിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിൽ എത്തിക്കഴിഞ്ഞ് വീണ്ടും മൈക്കിനടുത്തേക്ക് നീങ്ങിയപ്പോ മന്ത്രി പറഞ്ഞതിങ്ങനെ... മുഖ്യമന്ത്രി പ്രസംഗം തുടരാൻ ആവശ്യപ്പെട്ടു. ഇത് പറഞ്ഞില്ലെങ്കിൽ നാളെ നിങ്ങൾ ചോദിക്കും മുഖ്യമന്ത്രി വന്നിട്ടും പ്രസംഗം നിറുത്താത്ത ഇവനാരെടാ എന്ന്...

ഈ വാക്കുകളെയും ജനം കരഘോഷത്തോടെയാണ് സ്വീകരിച്ചത്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് അവഗണന കാണിക്കുന്നുവെന്നതിലൂന്നിയും കണക്കുകൾ നിരത്തിയുമായിരുന്നു മന്ത്രിയുടെ പ്രസംഗം.