പിറവം: നവകേരള സദസിനെ വരവേൽക്കാൻ പിറവം മണ്ഡലവും നഗരവും പൂർണ സജ്ജമായെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 4 മുതലാണ് പിറവത്ത് നവകേരള സദസ് നടക്കുക. പന്തലിൽ പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളുടെ നിർമ്മാണം പൂർത്തിയായി. ഉച്ചയ്ക്ക് രണ്ടുമുതൽ പരാതികൾ സ്വീകരിക്കും. പിറവം കൊച്ചുപള്ളി മൈതനത്ത് 45000 ചതുരശ്രഅടി വിസ്തീർണത്തിലാണ് പന്തൽ.
അലങ്കാരമുൾപ്പെടെയുള്ള മിനുക്കുപണികളും പൂർത്തിയായി.
നടക്കാവ് റോഡുവഴിയാണ് നവകേരള ബസ് എത്തുക. മിനി സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊച്ചുപള്ളി മൈതാനത്തേക്ക്
സ്വീകരിക്കും. ഇരുപതിനായിരം ആളുകൾ സദസിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി മുന്നൂറോളം പൊലീസുകാരും, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, വോളന്റിയർമാർ എന്നിവരുടെ സേവനവും ഉണ്ടാകും. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സംഘാടകസമിതി ചെയർമാൻ എം.ജെ. ജേക്കബ്, കൺവീനർ ആർ.ഡി.ഒ പി.എം. അനി, ജോയിന്റ് കൺവീനർ പി.ബി. രതീഷ്, നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് , വൈസ് ചെയർമാൻ കെ.പി. സലിം എന്നിവർ പരിപാടികൾ വിശദീകരിച്ചു.
ഇന്ന് ഗതാഗത നിയന്ത്രണം
ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7 വരെ പിറവത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. മാമലക്കവല മുതൽ സീറോഡ് ജംഗ്ഷൻ, ദേവിപ്പടി, പള്ളിക്കവല, കൊച്ചുപള്ളി റോഡ്, വലിയപള്ളി പരിസരം എന്നിവിടങ്ങളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സമയത്ത് ഈ പ്രദേശങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.
പാർക്കിംഗ്
നവകേരള സദസിനായി പിറവത്ത് എത്തുന്ന വാഹനങ്ങൾക്ക്
മാം ഓഡിറ്റോറിയം ഗ്രൗണ്ട്, സെന്റ് ജോസഫ്സ‌് സ്‌കൂൾ മൈതാനം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പിറവം ഗവ. സ്‌കൂൾ, എം.കെ.എം സ്‌കൂൾ, ആകശാല പേ ആൻഡ് പാർക്കിംഗ് എന്നിവിടങ്ങളിലാണ് പാർക്കിംഗ്.
വി.ഐ.പി, ഉദ്യോഗസ്ഥ വാഹനങ്ങൾ സ്നേഹഭവൻ സ്കൂൾ മൈതാനം, ഹോളികിംഗ്‌സ് സ്‌കൂൾ മൈതാനം, കൊച്ചുപള്ളി പാരിഷ് ഹാൾ മുറ്റം, വലിയ പള്ളിയുടെ രണ്ട് മൈതാനങ്ങൾ, പിഷാരുകോവിൽ ക്ഷേത്രം മൈതാനം എന്നിവിടങ്ങളിലാണ് പാർക്കിംഗ്.