
പെരുമ്പാവൂർ: വില്ലേജ് ഓഫീസ് സ്മാർട്ട് കെട്ടിടത്തിലേക്ക് മാറിയപ്പോൾ പഴയ ജീർണിച്ച കെട്ടിടത്തിന് ചുറ്റും മാലിന്യക്കൂമ്പാരം. ആലുവ മൂന്നാർ റോഡും എം.സി റോഡും സംഗമിക്കുന്ന സിഗ്നൽ ജംഗ്ഷനോട് ചേർന്നുള്ള ആറു സെന്റ് സ്ഥലത്തെ വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് മാലിന്യം നിറയുന്നത്.
രണ്ടു വർഷം മുമ്പാണ് പെരുമ്പാവൂർ വില്ലേജ് ഓഫീസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. കെട്ടിടത്തിലെ അസൗകര്യങ്ങളും ശോചനീയാവസ്ഥയും മൂലം പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കോടതിക്ക് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി.
2002 ൽ ഉദ്ഘാടനം കഴിഞ്ഞ് 20 വർഷം പോലും തികയും മുമ്പേ കെട്ടിടം ജീർണാവസ്ഥയിലായിരുന്നു. നിലവിൽ ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും മദ്യക്കുപ്പികളുടെയും കൂമ്പാരമാണ്. കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യം ഇവിടെ കുന്ന് കൂടി കിടക്കുന്നു. ഉയരത്തിലുള്ള ചുറ്റുമതിൽ റോഡിലേക്ക് നിലം പൊത്താറായി നിൽക്കുകയാണ്. ടെറസിന് മുകളിൽ പാഴ് മരങ്ങളും മറ്റും വളർന്നു തുടങ്ങി. കെട്ടിടത്തിനു ചുറ്റും മരങ്ങൾ വീണ് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
മുഖ്യമന്ത്രിക്ക് നിവേദനം നൽകും
തിരക്കേറിയ സിഗ്നൽ ജംഗ്ഷനിലെ റോഡരികിലെ പാർക്കിംഗ് പ്രശ്നങ്ങൾ മൂലം പൊറുതിമുട്ടുന്ന നഗരവാസികൾക്ക് സ്ഥലം പ്രയോജനപ്പെടുത്തിയാൽ പ്രത്യേകിച്ച് നഗരത്തിലെത്തുന്ന ടൂവീലറുകൾക്ക് ചെറിയൊരു ആശ്വാസമാകുമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകനായ വർഗീസ് തെറ്റയിൽ.മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ്