
കൊച്ചി: മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവരടക്കം ഒമ്പത് പേർക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി 21ന് വീണ്ടും പരിഗണിക്കും. വിജിലൻസ് കോടതിയിലെ പരാതിയിൽ പ്രതി സ്ഥാനത്തുള്ളതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ളവരെ സ്വമേധയാ കക്ഷി ചേർത്ത് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് നൽകാൻ ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടത്.
വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാരൻ മരിച്ചതിനെ തുടർന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നിർദ്ദേശം. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് കൊച്ചിയിലെ സ്വകാര്യ കമ്പനി, നൽകാത്ത സേവനത്തിന് പ്രതിഫലം കൈമാറിയെന്ന ഇൻകംടാക്‌സ് സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹർജി.
`നോട്ടീസ് വരട്ടെ. നിങ്ങൾ (മാദ്ധ്യമ പ്രവർത്തകർ) വേവലാതിപ്പെടേണ്ട. ഞാനല്ലേ നോക്കേണ്ടത്. '
-മുഖ്യമന്ത്രി പിണറായി വിജയൻ