വൈപ്പിൻ: വൈപ്പിൻ- മുനമ്പം സംസ്ഥാനപാതയിൽ മുരുക്കുംപാടം ബെൽബോ ജംഗ്ഷൻ വഴിയുള്ള കണ്ടെയ്‌നർ ലോറികളുടെ യാത്ര എളങ്കുന്നപ്പുഴ പഞ്ചായത്ത് നിരോധിച്ചു. വല്ലാർപാടത്തുനിന്നുള്ള കണ്ടെയ്‌നർ ലോറികൾക്ക് ഗോശ്രീ ജംഗ്ഷൻ എൽ.എൻ.ജി റോഡുവഴി മേൽപ്പറഞ്ഞ യാർഡുകളിലേക്കും സംസ്ഥാനപാതയിൽ ട്രാഫിക് ബ്ലോക്കുകളുണ്ടാക്കാതെ തിരിച്ചും യാത്രചെയ്യാം.

നിലവിൽ വല്ലാർപാടത്തേയ്ക്കു പോകേണ്ട കണ്ടെയ്‌നർ ലോറികൾ എൽ.എൻ.ജി റോഡുവഴി പോകാതെ കിഴക്കോട്ടുതിരിഞ്ഞ് ബെൽബോ ജംഗ്ഷനിലെത്തി സംസ്ഥാനപാതയിൽ കടന്ന് തെക്കോട്ടുതിരിഞ്ഞ് വല്ലാർപാടത്തേയ്ക്കാണ് പോകുന്നത്. ബെൽബോ ജംഗ്ഷനിൽ വളരെ വീതികുറഞ്ഞ സംസ്ഥാന പാതയിലേക്ക് നീളംകൂടിയ കണ്ടെയ്‌നർ ലോറികൾ കടക്കുമ്പോൾ അവിടെയുണ്ടാകുന്ന ട്രാഫിക് കുരുക്ക് രൂക്ഷമാണ്. അപകടങ്ങളും നിത്യസംഭവവമാണ്. ഇതൊഴിവാക്കാനാണ് നടപടി.
ബെൽബോ ജംഗ്ഷൻ വഴി കണ്ടെയ്നർ ലോറികൾ പോകുന്നതിനെതിരെ എളങ്കുന്നപ്പുഴ അപ്പെക്‌സ് റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. ഗുരുതരമായ അപകടസാദ്ധ്യതയും തുടർച്ചയായി ഉണ്ടാകുന്ന ഗതാഗതതടസ്സങ്ങളും ചൂണ്ടിക്കാണിച്ച് ഉടൻ പരഹാരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ, ആർ.ടി.ഒ, ഞാറക്കൽ പൊലീസ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അപ്പക്‌സ് അസോസിയേഷനെയും കണ്ടെയ്‌നർ യാർഡുകളുടെ പ്രതിനിധികളെയും മീറ്റിംഗിൽ വിളിച്ച് വിശദീകരണം തേടിയിരുന്നു.