പറവൂർ: ശ്രീനാരായണഗുരു പ്രതിഷ്ഠാകർമ്മം നിർവഹിച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിന് പ്രാധാന്യം നിലനിറുത്തുന്നതരത്തിൽ ദേശീയപാത നിർമ്മാണം ഉണ്ടാകണമെന്ന് വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പുതിയ ദേശീയപാതയിൽനിന്ന് മാല്യങ്കരയിലേക്ക് പോകുന്നതിനുള്ള റോഡ് മൂത്തകുന്നത്തുനിന്ന് ഒന്നരക്കിലോമീറ്ററോളം കറങ്ങിയാണ് പ്രവേശിക്കുന്നത്. പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് ഇതേറെ ബുദ്ധിമുട്ടുണ്ടാക്കും.

മാല്യങ്കരയിൽ ആർട്സ് കോളേജ്, എൻജിനിയറിംഗ് കോളേജ്, പോളിടെക്നിക് കോളേജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളെയും ഇത് ബാധിക്കും. മാല്യങ്കര ഭാഗത്തേക്ക് സഞ്ചരിക്കുന്നതിന് സുഗമമായ ഗതാഗതസൗകര്യം ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് സഭാ സെക്രട്ടറി ഡി. സുനിൽകുമാർ നിവേദനം നൽകിയത്.