kk

# ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയത്തേക്ക് വിലാപയാത്ര

#നാളെ ഉച്ചയോടെ വാഴൂരിലെ വീട്ടുവളപ്പിൽ സംസ്കാരം

കൊച്ചി: അടിയുറച്ച നിലപാടിലൂടെ കേരള രാഷ്ട്രീയത്തിൽ വേറിട്ട വ്യക്തിത്വമായി തിളങ്ങിനിന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അപ്രതീക്ഷിതമായി വിടവാങ്ങി. ഹൃദയാഘാതംമൂലം ഇന്നലെ വൈകിട്ട് 5.30ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു.

മൂന്നു തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ നിയമസഭാംഗവുമായി. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്.

ഇന്നു രാവിലെ 8.30ന് നെടുമ്പാശേരിയിൽ നിന്ന് വിമാനമാർഗം മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരും. അവിടെനിന്നും ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിൽ മകൻ പുതുതായി പണികഴിപ്പിച്ച വസതിയിൽ എത്തിക്കും. തുടർന്ന് വിലാപയാത്രയായി പട്ടത്തെ എ.ഐ.ടി.യു.സി സംസ്ഥാന കമ്മറ്റി ഓഫീസായ പി.എസ് സ്മാരകത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കെ.എസ്.ആർ.ടി.സി ബസിൽ വിലാപയാത്രയായി കാനത്തെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

കോട്ടയം കൂട്ടിക്കലിൽ പരേതരായ വി.കെ. പരമേശ്വരൻ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി 1950 നവംബർ 10നാണ് ജനനം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ് (സെക്രട്ടേറിയറ്റ്)​, വി. സർവേശ്വരൻ (ബിസിനസ്)​.

അമൃത ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്ത്യാഞ്ജലി അർപ്പിച്ചു. നവകേരള യാത്രയിലായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിലാണ് ആശുപത്രിയിലെത്തിയത്.

വൃക്കസംബന്ധമായ പ്രശ്നങ്ങളുമായി ഒക്ടോബർ 25നാണ് കാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ പ്രമേഹം മൂർച്ഛിച്ച് കാലിലെ മുറിവിൽ അണുബാധയുണ്ടയി. കുറച്ചുനാൾ മുമ്പ് അപകടത്തിൽ പറ്റിയ മുറിവ് ഉണങ്ങിയിരുന്നില്ല. നവംബർ 14ന് വലതുകാൽ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ചികിത്സ നൽകി വരികയായിരുന്നു.

വാഴൂർ എസ്.വി.ആർ.എൻ എസ്.എസ് സ്‌കൂൾ, കോട്ടയം ബസേലിയോസ് കോളേജ്, മോസ്‌കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു കാനത്തിന്റെ പഠനം.

2015ൽ കോട്ടയം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി. 2022ൽ തിരുവനന്തപുരം സമ്മേളനം തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയാക്കി. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്. രണ്ടുതവണ കോട്ടയം ജില്ലാ സെക്രട്ടറിയായി.
എ.ഐ.എസ്.എഫിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. 1969ൽ 19-ാം വയസിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാനത്ത് യുവജന പ്രസ്ഥാനത്തിന്റെ അമരത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കാഡാണ് കാനം കുറിച്ചത്. കേരളത്തിൽ എ.ഐ.വൈ.എഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റുമായി.
1970ൽ സി.പി.ഐ സംസ്ഥാന കൗൺസിലിലും എൻ.ഇ. ബാലറാം സെക്രട്ടറിയായിരിക്കെ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എം.എൻ, സി. അച്യുതമേനോൻ,സി.കെ.ചന്ദ്രപ്പൻ, വെളിയം ഭാർഗവൻ തുടങ്ങിയ നേതാക്കൾക്കൊപ്പമുള്ള അനുഭവ സമ്പത്ത് കാനത്തെ കരുത്തനാക്കി.

സി. അച്യുതമേനോൻ ഫൗണ്ടേഷൻ പ്രസിഡന്റായ കാനം എഴുതിയ 'നവമാദ്ധ്യമ രംഗത്തെ ഇടതുചേരി" എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി. തെരഞ്ഞെടുത്ത ലേഖനങ്ങൾ പ്രഭാത് പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും വലിയ ആഗ്രഹമായ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ( എം.എൻ സാമരകം)​ നിർമ്മാണം പൂർത്തിയാകും മുമ്പാണ് കാനം വിട പറഞ്ഞത്.

ട്രേഡ് യൂണിയൻ

രംഗത്തെ കരുത്തൻ

1970ൽ സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തൻതലമുറ ബാങ്കുകൾ, ഐ.ടി സ്ഥാപനങ്ങൾ, സിനിമ എന്നിവയിലെ തൊഴിലാളികളുടെയും പുതിയ യൂണിയനുകൾ രൂപീകരിച്ചു. കെ.ഇ.ഡബ്ല്യു.എഫ് പ്രസിഡന്റ്, എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളിൽ ശ്രദ്ധേയമായ ഇടപെടൽ നിർവഹിച്ചു.

നിർമ്മാണ തൊഴിലാളി

നിയമത്തിന് നിമിത്തം

1982ൽ 32-ാം വയസിൽ വാഴൂരിൽ നിന്നാണ് ആദ്യം നിയമസഭയിലെത്തുന്നത്. 1987ലും വാഴൂരിൽ ജയം. മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി ഇതിനകം നേടി. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി അദ്ദേഹം നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് നിർമ്മാണ തൊഴിലാളി നിയമം നിലവിൽവന്നത്. നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരാണ്.