kanam

കൊച്ചി: ഇടതുപക്ഷ പ്രസ്ഥാനത്തിലെ പ്രിയ സഹ പ്രവർത്തകനായ കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലിയർപ്പിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയുടെ നടുത്തളത്തിൽ ഒരുക്കിയ ഹ്രസ്വമായ പൊതുദർശനത്തിലാണ് മുഖ്യമന്ത്രി ആദരമർപ്പിക്കാനെത്തിയത്.

എറണാകുളം മറൈൻ ഡ്രൈവിലെ നവകേരള സദസ് പൂർത്തിയാക്കി രാത്രി എട്ടരയ്ക്ക് ശേഷം പ്രത്യേക ബസിലാണ് മന്ത്രിമാർക്കൊപ്പം പിണറായി എത്തിയത്. ചാറ്റൽ മഴയുടെ അന്തരീക്ഷത്തിൽ അദ്ദേഹം കാനത്തെ അവസാനമായി കണ്ടു മടങ്ങി..സി.പി.ഐ മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവർ നവകേരള സദസിൽ നിന്ന് ഒഴിവെടുത്ത് നേരത്തേ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മന്ത്രിമാരായ കെ.പി. രാജേന്ദ്രൻ, ബിനോയ് വിശ്വം, രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി.ചാക്കോ, എസ്. ശർമ്മ, നടൻ മമ്മൂട്ടി, എം.എൽ.എമാരായ ഉമ തോമസ്, അൻവർ സാദത്ത്, മുൻ എം.പി. സുരേഷ് കുറുപ്പ്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, നേതാക്കളായ പി. രാജു, ടി.സി. സഞ്ജിത്, സിനിമാ പ്രവർത്തകരായ വിനയൻ, രമേഷ് പിഷാരടി തുടങ്ങിയവരും അമ‌ൃതയിലെത്തി ആദരമർപ്പിച്ചു.