മട്ടാഞ്ചേരി: കൊച്ചിയിൽ റേഷൻ വാതിൽപ്പടി വിതരണം ചെയ്യുന്ന തൊഴിലാളികൾ പണിമുടക്കിയതോടെ റേഷൻ വിതരണം തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ കൂലി കുടിശികയായതോടെയാണ് തൊഴിലാളികൾ പണി മുടക്കിയത്.വാതിൽപ്പടി വിതരണ കരാറുകാരന് ഭക്ഷ്യ വകുപ്പിൽ നിന്നും പണം ലഭിക്കാത്തതാണ് തൊഴിലാളികളുടെ കൂലി കുടിശികയാകാൻ കാരണമെന്നാണ് പറയുന്നത്.

ഇതോടെ കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിൽ റേഷൻ വിതരണം സ്തംഭിച്ച നിലയിലായി. മാസത്തെ ആദ്യ ആഴ്ച പിന്നിട്ടിട്ടും റേഷൻ ലഭിക്കാത്തത് കാർഡ് ഉടമകളെയും പ്രതിസന്ധിയിലാക്കി. റേഷനിംഗ് ഓഫിസ് പരിധിയിലെ ചുരുക്കം ചില കടകളിൽ മാത്രമാണ് ഭാഗികമായെങ്കിലും റേഷൻ എത്തിയിട്ടുള്ളൂ. ഭൂരിഭാഗം കടകളിലും റേഷൻ ലഭിക്കാത്ത സാഹചര്യമാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ അവധിയാണെന്നിരിക്കേ ഇനി തിങ്കളാഴ്ച മാത്രമേ എന്തെങ്കിലും നടപടിയുണ്ടാകൂവെന്നാണ് അറിയുന്നത്. കഴിഞ്ഞ അഞ്ച് മാസമായി കൊച്ചിയിൽ പുഴുക്കലരി ലഭിച്ചിട്ട്. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി റേഷൻ കടകളിൽ സ്റ്റോക്ക് എത്തിയില്ലെങ്കിൽ അത് കാർഡ് ഉടമകൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.റേഷനിംഗ് അധികൃതർ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.