nava

കൊച്ചി: കൊച്ചിയുടെ വളർച്ചയും വികസനക്കുതിപ്പും വിവരിച്ചും ഭാവിസ്വപ്നങ്ങൾ പങ്കിട്ടും നവകേരളത്തിന്റെ രണ്ടാംദിനത്തിൽ ആവേശം നിറച്ച് ജനപങ്കാളിത്തം. മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഴുവൻ മന്ത്രിമാരുടെയും നേതൃത്വത്തിൽ ഇന്നലെ വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിൽ നടന്ന സദസിന് ആവേശകരമായ സ്വീകരണമാണ് നൽകിയത്. 14,708 പരാതികളാണ് ഇന്നലെ ലഭിച്ചത്.

പതിനായിരക്കണക്കിന് പേരാണ് ഇന്നലെ മണ്ഡലങ്ങളിൽ നിവേദനം നൽകിയത്. രാവിലെ പൗരപ്രമുഖരുടെ യോഗത്തോടെയാണ് സദസിന് തുടമിട്ടത്. ഐ.എം.എ ഹൗസിൽ പൗരപ്രമുഖന്മാരെ കണ്ടശേഷം വൈപ്പനിൽ ജല മെട്രോയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വൈപ്പിനിലെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യമായാണ് ജലമെട്രോയിൽ യാത്ര ചെയ്യുന്നത്.

ഞാറയ്ക്കൽ ജയ്‌ഹിന്ദ് മൈതാനിയിലായിരുന്നു വൈപ്പിൻ മണ്ഡലത്തിന്റെ വേദി. ഇവിടുന്ന് ജങ്കാ‌ർ മാർഗം കൊച്ചി മണ്ഡലത്തിലെ സദസിനായി ഫോർട്ട്കൊച്ചിയിലെത്തി. ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ ഒരുക്കിയ സദസിൽ ആറായിരത്തോളം പേർ പങ്കെടുത്തു. പറഞ്ഞിരുന്നതിലും രണ്ട് മണിക്കൂർ വൈകിയാണ് ഫോർട്ട്കൊച്ചിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതെങ്കിലും വൻജനാവലി കാത്തുനിന്നു.

പത്തടിപ്പാലം റസ്റ്റ്ഹൗസിൽ നടന്ന കളമശേരി മണ്ഡലത്തിലെ സദസിൽ മൂന്നു മണിയോടെ നിവേദനങ്ങൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. വ്യവസായമന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയായ കളമശേരിയിൽ ആയിരങ്ങളാണ് സദസിന് സാക്ഷികളാകാനും പരാതികൾ കൈമാറാനും എത്തിയത്.

മറൈൻഡ്രൈവിൽ എറണാകുളം സദസോടെ ജില്ലയിലെ രണ്ടാംദിവസത്തെ പരിപാടികൾ അവസാനിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇവിടെ പരാതികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മരിച്ചതിനെ തുടർന്ന് സി.പി.ഐ മന്ത്രിമാരായ കെ. രാജൻ, ജെ. ചിഞ്ചു റാണി, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവർ എറണാകുളം മണ്ഡലത്തിലെ സദസിൽ പങ്കെടുത്തില്ല. മണ്ഡലത്തിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കൊച്ചി അമൃതാ ആശുപത്രിയിലെത്തി കാനം രാജേന്ദ്രന് അന്ത്യോപചാരം അർപ്പിച്ചു.

ലഭിച്ച അപേക്ഷകൾ

വൈപ്പിൻ- 4,319

കൊച്ചി- 3,909

കളമശേരി- 4,425

എറണാകുളം-2,055