
കൊച്ചി: പ്രിയനേതാവിന്റെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് സി.പി.ഐ മന്ത്രിമാരും നേതാക്കളും. പരസ്‌പരം ആശ്വസിപ്പിക്കാൻ അവർ വിഫലശ്രമം നടത്തുന്നതും കാണാമായിരുന്നു.
കാനത്തിന് ഹൃദയാഘാതമുണ്ടായ വിവരം അറിഞ്ഞ് നവകേരളസദസിൽ നിന്ന് സി.പി.ഐ മന്ത്രിമാർ അമൃത ആശുപത്രിയിൽ എത്തിയപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. ഐ.സി.യുവിലെത്തി മൃതദേഹം കണ്ട റവന്യൂമന്ത്രി കെ. രാജൻ പൊട്ടിക്കരഞ്ഞു. പിന്നാലെയെത്തിയ പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർക്കും കരച്ചിൽ അടക്കാനായില്ല. ഐ.സി.യുവിൽ നിന്ന് താഴെ എത്തിയപ്പോഴും കെ. രാജൻ തേങ്ങുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചപ്പോഴെത്തിയ ബിനോയ് വിശ്വം എം.പിയും പൊട്ടിക്കരഞ്ഞു. സംവിധായകൻ വിനയൻ ഉൾപ്പെടെ പാർട്ടി പ്രവർത്തകരും നേതാക്കളും നിറകണ്ണുകളോടെയാണ് മൃതദേഹത്തിനരികിലെത്തിയത്.