rat

കൊച്ചി: ജോലി ചെയ്തതിന്റെ കമ്മി​ഷൻ കിട്ടാൻ സമര പരിപാടിയുമായി സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. ഒക്ടോബർ, നവംബ‌ർ മാസത്തെ കമ്മി​ഷൻ തുകയാണ് മുടങ്ങിയത്. ഇത് 60 കോടി വരും. കൂലി കിട്ടാൻ നിവേദനം നല്കി മടുത്തതിനാലാണ് സമരത്തിനൊരുങ്ങുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ധനകാര്യ വകുപ്പിൽ നിന്ന് ഫണ്ട് നൽകാത്തതാണ് കമ്മി​ഷൻ മുടങ്ങാൻ കാരണം. എന്നാൽ ഭക്ഷ്യവകുപ്പിനോട് മാത്രമാണ് സർക്കാരിന്റെ വിവേചനമെന്ന് ആരോപിക്കുന്നു. ഒരു തൊഴിലാളിക്ക് ഏകദേശം 12,000 മുതൽ 50,000 രൂപ വരെ കമ്മി​ഷനായി ലഭിക്കാനുണ്ട്. തീരമേഖലകളിൽ ബി.പി.എൽ കാർഡുകൾ കൂടുതലുള്ളതിനാൽ ഇവിടെയുള്ള വ്യാപാരികൾക്കാണ് വലിയ ബാദ്ധ്യത. 100 ക്വിന്റൽ അരി വിറ്റാൽ 27,000 രൂപ വേതനം ലഭിക്കും. റേഷൻ കടകളിൽ ജോലിക്ക് നിൽക്കുന്നവരുടെ കൂലി വേറെ നല്കുകയും വേണം. തൊഴിലാളിക്ക് കുറഞ്ഞത് 400 രൂപയാണ് കൂലി.

കിറ്റ് കമ്മിഷനും വാക്കിൽ മാത്രം

കഴിഞ്ഞ കൊവിഡ് കാലത്ത് 13 മാസത്തെ കിറ്റ് വിതരണം ചെയ്തതിന്റെ ഫണ്ടും ഇതുവരെ നല്കിയിട്ടില്ല. സേവനമായി കാണമെന്നായിരുന്നു സർക്കാർ വാദം. തുടർന്ന് സമരം ചെയ്തതിന്റെ ഭാഗമായി മൂന്ന് മാസത്തെ തുക കിട്ടി. ഇതിനെതിരെ നിരവധി ചർച്ചകളും യോഗങ്ങളും സമരപരിപാടികളും വ്യാപാരികൾ നടത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. എന്നാൽ കേസിൽ കക്ഷി ചേർന്ന ആറ് വ്യാപാരികൾക്ക് മാത്രം കമ്മിഷൻ നല്കുകയാണ് സ‌ർക്കാർ ചെയ്തത്. ബാക്കി വ്യാപാരികൾ കേസിൽ കക്ഷി ചേരാനുള്ള തയ്യാറെടുപ്പിലാണ്. കിറ്റ് കമ്മി​ഷൻ ഇനത്തിൽ 50 കോടി രൂപയാണ് കിട്ടാനുള്ളത്.

........................................

60

രണ്ട് മാസത്തെ വേതനതുക 60 കോടി

14167

ആകെ വ്യാപാരികൾ 14167

.....................................

കൂലിക്കായി എല്ലാമാസവും സമരം ചെയ്യേണ്ട ഗതികേടിലാണ് റേഷൻ വ്യാപാരികൾ. ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യും. ആദ്യം സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസവും മൂന്നാം ഘട്ടമെന്ന നിലയിൽ കടയടച്ച് പ്രതിഷേധവും നടത്താനാണ് തീരുമാനം.

എൻ. ഷിജീർ, സംസ്ഥാന സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ