padam

കൊച്ചി: കഞ്ചാവ് -ചാരായ വേട്ടയ്ക്കായി കാടുകയറിയിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ ആദിവാസി ഊരുകളിലെ അദ്ധ്യാപകരാവുന്നു. 'വിമുക്തി" പദ്ധതിയുടെ ഭാഗമായി ഊരുകളിൽ എക്‌സൈസ് തുടക്കമിട്ട പി.എസ്.സി പരിശീലന ക്ലാസുകളിലാണ് ഇവർ അദ്ധ്യാപകരാവുന്നത്. ഊരുകളിലെ യുവാക്കൾക്ക് ജോലി ഉറപ്പാക്കുകയും ആദിവാസി ഊരുകളെ ലഹരി വിമുക്തമാക്കുകയുമാണ് ലക്ഷ്യം.

ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ക്ലാസ്. പ്രമുഖ പി.എസ്.സി പരിശീലന സ്‌കൂളുകളുടെ സഹായമുണ്ട്. ആറുമാസത്തെ ക്ലാസാണ് ഉദ്ദേശിക്കുന്നതെങ്കിലും ഒരു വർഷം തുടർന്നേക്കും. എറണാകുളം ഡിവിഷനിലെ കുട്ടമ്പുഴ പിണവൂർക്കുടി ഊരിൽ ക്ലാസ് ഒരു മാസം പിന്നിട്ടു. മറ്റ് ജില്ലകളിലും തുടക്കമായി. അതത് സർക്കിൾ ഓഫീസർക്കാണ് ക്ലാസിന്റെ ചുമതല.

ക്ലാസ് മുറി ലൈബ്രറി

ഊരുകളിലെ വായനശാലകളാണ് ക്ലാസ്‌ മുറികളായത്. വിദ്യാർത്ഥികൾക്ക് ഗൈഡുകളും പുസ്തകങ്ങളും ലഭ്യമാക്കി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണമുണ്ടാകും. കുട്ടമ്പുഴയിലെ ക്ലാസിൽ 50 വിദ്യാർത്ഥികളെയാണ് പ്രതീക്ഷിച്ചതെങ്കിലും 75 കഴിഞ്ഞു.

ലക്ഷ്യം ലഹരിയുടെ വേരറുക്കൽ

ലഹരിയിൽ നിന്ന് യുവാക്കളെ മോചിപ്പിക്കാൻ ബഹുമുഖ കർമപദ്ധതികളാണ് എക്സൈസ് വിഭാവനം ചെയ്യുന്നത്. മലയോര മേഖലയിൽ പി.എസ്.സി പരിശീലന കേന്ദ്രമാണെങ്കിൽ തീരദേശത്ത് കായിക ക്ലബ്ബുകളാണ്. ഓരോ മേഖലയുടെയും സാദ്ധ്യതകൾ തിരിച്ചറിഞ്ഞാണ് തീരുമാനം. കുട്ടികളിലൂടെ ലഹരിയുടെ ദോഷങ്ങൾ രക്ഷിതാക്കളിലേക്കും പകരാമെന്നാണ് വിശ്വാസം.

പ്രധാന ക്ലാസുകൾ

എൽ.ഡി.സി

സിവിൽ എക്സൈസ് ഓഫീസർ

ഫയർമാൻ

സിവിൽ പൊലീസ് ഓഫീസർ

എൽ.ജി.എസ്

ബീറ്റ് ഫോറസ്റ്റ് ഓഫീസർ

കുട്ടികൾ ഉത്സാഹത്തോടെയാണ് പി.എസ്.സി ക്ലാസിൽ എത്തുന്നത്. മുഴുവൻ പേർക്കും ജോലിയിൽ പ്രവേശിക്കാൻ ഉതകുന്ന പരിശീലനമാണ് നല്‌കുന്നത്.

എസ്. മധു

എക്സൈസ് ഇൻസ്പെക്ടർ

കുട്ടമ്പുഴ റേഞ്ച്