കൊച്ചി: അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യാത്രാമൊഴിയേകി കൊച്ചി. ചികിത്സാർത്ഥം കാനം ആഴ്ചകളായി ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു. നിര്യാണമറിഞ്ഞ് പുലർച്ചെ വരെ പാർട്ടി പ്രവർത്തകർ ആശുപത്രി പരിസരത്തേക്കൊഴുകി.
സ്പീക്കർ എ.എൻ. ഷംസീറും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ പി. പ്രസാദ്, കെ. രാജൻ, നേതാക്കളായ കെ.എം. ദിനകരൻ, ഇ.കെ. ശിവൻ, ടി. രഘുവരൻ, പി.കെ. രാജേഷ്, പി. രാജു തുടങ്ങിയവരും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള വിലാപയാത്രയിൽ ഒട്ടേറെ വാഹനങ്ങൾ ഉണ്ടായിരുന്നു. കെ. കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള ചുവപ്പ് വളന്റിയർമാരും പ്രിയനേതാവിനെ അനുഗമിച്ചു.
വിമാനത്താവളത്തിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് അല്പസമയം പൊതുദർശനം നടത്തി. സി.പി. ഐ പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് എയർ ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ബിനോയ് വിശ്വം എംപി, കാനം രാജേന്ദ്രന്റെ മകൻ സന്ദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.