cherai
ചെറായി ബീച്ച്

വൈപ്പിൻ: ചെറായി ബീച്ച്. കേരളത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്ന്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കടലോരം. കിലോമീറ്ററുകൾ നീളത്തിൽ നേർരേഖപോലെയുള്ള തീരം. ബീച്ചിലെത്തുന്നവർക്ക് ധൈര്യമായി കടലിൽ കുളിക്കാനിറങ്ങാവുന്ന ശാന്തമായ കടൽത്തീരം. കടലിന് സമാന്തരമായി തൊട്ടപ്പുറം വിശാലമായ കായൽ.
എന്നാൽ പ്രകൃതി​ കനി​ഞ്ഞനുഗ്രഹി​ച്ചി​ട്ടും അധി​കൃതരുടെ അവഗണന തീരത്തെ കൊല്ലുകയാണ്.

ഒരു വർഷം മുമ്പ് നടന്ന കടൽക്ഷോഭത്തിൽ ബീച്ച് നടപ്പാതയിലേക്കുള്ള ചവിട്ടുപടികളെല്ലാം തകർന്നു. ഇതുവരെ അത് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തുനിഞ്ഞിട്ടില്ല. മഴ പെയ്യുമ്പോൾ പാർക്കിംഗ് ഏരിയ അടക്കമുള്ള സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല. തൊട്ടപ്പുറം കടലും ഇപ്പുറം കായലുമുണ്ടായിട്ടും ഡ്രൈയിനേജ് സൗകര്യമൊരുക്കാൻ തയ്യാറില്ല.
ബീച്ചിലിരിക്കുന്നവർക്ക് വെയിലത്ത് തണലേകാൻ മറ്റ് ബീച്ചുകളിൽ ഓലക്കുടകളും മറ്റും ഉണ്ടെങ്കിൽ ചെറായിയിൽ അതില്ല. ലഹരിമരുന്ന് വിൽപ്പനക്കാരുടെ പ്രധാന താവളങ്ങൾ കുറെക്കാലമായി ബീച്ചുകളാണ്. പൊലീസിനും എക്‌സൈസിനും അതറിയുകയും ചെയ്യാം. ചെറായി ബീച്ചിൽ കുറേ വർഷങ്ങൾക്കു മുമ്പ് പണിതീർത്തതാണ് പൊലീസ് ഔട്ട് പോസ്റ്റ്. ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ച് ഇതൊരു സ്റ്റേഷനാക്കണമെന്ന് ആവശ്യമുയർന്നിട്ടും അനുവദിക്കപ്പെട്ടിട്ടില്ല. 3 വർഷം മുമ്പ് ഈ ഔട്ട് പോസ്റ്റ് മന്ദിരം പുതിയതായി സൃഷ്ടിക്കപ്പെട്ട പൊലീസ് സബ് ഡിവിഷനൽ ഓഫീസായി പ്രവർത്തനമാരംഭിച്ചെങ്കിലും അല്പനാളുകൾക്കുശേഷം ഓഫീസ് ഇവിടെനിന്ന് പറവൂർ നഗരത്തിലേക്ക് മാറ്റി.

ചെറായി ബീച്ചിന് 3 കി.മീറ്റർ വടക്ക് മുനമ്പത്ത് സംസ്ഥാനത്തെത്തന്നെ മികച്ച വാട്ടർ സ്‌പോർട്ട്‌സ് അനുവദിച്ചു. 3 കി.മീ. തെക്ക് കുഴുപ്പിള്ളിയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജും തുടങ്ങി. അവിടങ്ങളിലേക്ക് ടൂറിസ്റ്റുകളും ആഭ്യന്തരസഞ്ചാരികളും ഒഴുകിയെത്തുകയാണ്. ഇതിനിടയിലുള്ള ചെറായി ബീച്ചിലേക്കുള്ള സന്ദർശകരുടെ എണ്ണം വളരെ കുറഞ്ഞു.
കടലിലോ കായലിലോ ബോട്ടിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള എല്ലാ സാഹചര്യവും ചെറായിക്കുണ്ട്.

...................................

അടിക്കടി ഉണ്ടാകുന്ന കടൽക്ഷോഭം പ്രതിരോധിക്കാൻ ബീച്ചിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ നിർമ്മിച്ചാൽ മുകളിൽ സഞ്ചാരപാതയൊരുക്കി സന്ദർശകർക്ക് കടലിലേക്ക് ഇറങ്ങി കടൽ ആസ്വദിക്കാൻ കഴിയും.

വാക്ക് വേയിലേക്കുള്ള ചവിട്ടുപടികൾ പുനർ നിർമ്മിക്കേണ്ടത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ്. ബീച്ചിൽ പാർക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നത് ഡി.ടി.പി.സി.യാണ്. ഗ്രാമപഞ്ചായത്തിന് ബീച്ചിൽ നിന്നു ഒരു രൂപപോലും വരുമാനമില്ല. അതുകൊണ്ടുതന്ന ബീച്ചിൽ പഞ്ചായത്തിന്റേതായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാകുന്നില്ല.

രമണി അജയൻ,

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്