അങ്കമാലി: യുവാക്കളിൽ കായികക്ഷമതയും കായിക സംസ്‌കാരവും വളർത്തിയെടുക്കുവാനും ലഹരിക്കെതിരായി പ്രതിരോധം തീർക്കുവാനുമായി അങ്കമാലി നിയോജകമണ്ഡലത്തിൽ വിവിധ കായിക പരിപാടികൾസംഘടിപ്പിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ആദ്യഘട്ടമായി 'എം.എൽ.എ കപ്പ് 2023' എന്ന പേരിൽ ഒരു സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. 16 മുതൽ 21 വരെ അങ്കമാലി സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ടിൽ വച്ചാണ് ടൂർണമെന്റ്. അങ്കമാലി നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ 15 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുക. 25,000 രൂപയും എവർ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം.