മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ല യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ. ജോണി നെല്ലൂർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിവേദനം നൽകി. നവകേരള സദസിൽ പ്രഭാത ചർച്ചയിൽ പങ്കെടുക്കാൻ ജോണി നെല്ലൂരിന് മുഖ്യമന്ത്രിയുടെ ക്ഷണം ലഭിച്ചിരുന്നു. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് പ്രഭാത ചർച്ച ഒഴിവാക്കിയ സാഹചര്യത്തിലാണ് നേരിൽകണ്ട് വികസന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം നൽകിയത്. 1980 കളിൽ ആരംഭിച്ച മുന്നേറ്റമാണ് മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ലയുണ്ടാക്കുക എന്നത്. ഇന്നും ആവശ്യം സ്വപ്നമായി അവശേഷിക്കുന്നു. ഈ വിഷയം ഉൾപ്പടെ പഠിക്കുവാനായി സർക്കാർ 4 കമ്മിഷനുകൾ വിവിധ ഘട്ടങ്ങളിൽ രൂപീകരിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഡോ. ഡി. ബാബുപോൾ കമ്മിഷൻ വിശദമായ പഠനത്തിന് ശേഷം മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ റവന്യൂ ജില്ല അനിവാര്യമാണെന്നും അതിനനുസൃതമായി പുതിയ താലൂക്കുകളും ഡിവിഷനും രൂപീകരിക്കണമെന്നും റിപ്പോർട്ടു നല്കിയിരുന്നതാണ്. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല.

മൂവാറ്റുപുഴ കെ.എസ്.ആർ.റ്റി.സി. ഡിപ്പോ നിർമ്മാണ പൂർത്തീകരണം, കാർഷിക മാർക്കറ്റ് യഥാർത്ഥ ലക്ഷ്യത്തിലേക്ക് എത്തിക്കൽ, എം.സി.റോഡിന് പാരലലായി മൂവാറ്റുപുഴ, കൂത്താട്ടുകുളം (പണ്ടപ്പിള്ളി, പാലക്കുഴ വഴി) റോഡ് 20 മീറ്റർ വീതിയിൽ നിർമ്മിക്കുക, മൂവാറ്റുപുഴ താലൂക്കിനെ പൈനാപ്പിൾ സിറ്റിയായി പ്രഖ്യാപിക്കുകതുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.