പെരുമ്പാവൂർ: ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്കറോട് അധികൃതർ അനാദരവും അവഗണനയും കാണിക്കുന്നതിനെതിരെ അംബേദ്കർ സ്മൃതി ദിനത്തിൽ ഡോ. അംബേദ്കർ സാംസ്കാരിക വേദി പ്രസിഡന്റ് ശിവൻ കദളി പട്ടികജാതി കമ്മിഷന് പരാതി നൽകി.

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മികച്ച സാമൂഹ്യ പ്രവർത്തകർക്ക് ഡോ. അംബേദ്കറുടെ നാമധേയത്തിൽ നൽകി വന്ന പുരസ്കാരം ഇടക്ക് നിറുത്തലാക്കിയിരുന്നു. ഇത് അംബേദ്കറോടുള്ള അനാദരവാണെന്നതിനാൽ പുരസ്കാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശിവൻ കദളി നൽകിയ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ സർക്കാർ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ട് ഒരു വർഷം തികയാറായിട്ടും നടപടിയില്ലാത്തതിനാലാണ് പട്ടികജാതി കമ്മിഷന് പരാതി നൽകിയത്.

വിവിധ മേഖലകളിൽ സമഗ്ര സംഭാവന നൽകിയവർക്ക് പത്മ പുരസ്കാരമാതൃകയിൽ പുരസ്കാരം ഏർപ്പെടുത്തിയ സർക്കാർ അംബേദ്ക്കർ പുരസ്കാരം നിറുത്തലാക്കിയത് ഭരണഘടനാശില്പിയോടുള്ള വിവേചനമാണെന്ന് പരാതിയിൽ പറയുന്നു.