മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ മൂവാറ്റുപുഴ മണ്ഡലത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. വലുതും ചെറുതുമായ മൂവാറ്റുപുഴയുടെ വികസനത്തിനായി നൽകിയ പ്രോജക്ടുകൾ ഒന്നും തന്നെ പരിഗണിക്കപ്പെട്ടില്ല. വികസന പ്രവർത്തനങ്ങളിൽ മെല്ലപോക്ക് തുടരുകയാണ്. നിർമ്മാണ പ്രവൃത്തികൾ വൈകിക്കാൻ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം ശ്രമം തുടരുകയാണ്. മൂവാറ്റുപുഴയുടെ ഏറ്റവും വലിയ പ്രശ്നമായ ഗതാഗത പ്രശ്ന പരിഹാരത്തിനായി എം .എൽ. എ ആയ നാൾ മുതൽ തീവ്ര ശ്രമമാണ് നടത്തുന്നത്. ഇതിനായി എം. പിയുടെ കൂടി നേതൃത്വത്തിൽ നിരവധി തവണ സർവകക്ഷി സംഘമായും അല്ലാതെയും മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. മൂവാറ്റുപുഴയ്ക്ക് ഏറ്റവും അവശ്യമുള്ള കടാതി - കാരക്കുന്നം ബൈപാസിന്റെ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ പണം മുടക്കുമെന്നിരിക്കെ സ്ഥലം ഏറ്റെടുക്കലിന്റെ 25 ശതമാനം നൽകാൻ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഡീൻ കുര്യാക്കോസ് എം.പി മുൻകൈയെടുത്ത് കേന്ദ്ര സർക്കാരിനെ കൊണ്ട് 45 മീറ്റർ വീതിയുണ്ടായിരുന്ന നിലവിലെ ഡി .പി .ആറിൽ ഭേദഗതി വരുത്തി 30 മിറ്റർ വീഥിയിൽ താഴെയായി കുറച്ച് മുഴുവൻ തുകയും കേന്ദ്ര സർക്കാരിൽ നിന്ന് നേടിയെടുക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.