p

കൊവിഡിന് ശേഷം ലോകത്താകമാനം സ്‌കിൽ അധിഷ്ഠിത കോഴ്‌സുകൾക്ക് പ്രസക്തിയേറിയിട്ടുണ്ട്.

വികസിത രാജ്യങ്ങളിൽ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കാൻ നാലുവർഷ ഓണേഴ്‌സ് അണ്ടർ ഗ്രാജ്വേറ്റ് പഠനം നിർബന്ധമായിരുന്നു. അതായത്, ഒന്നാം ക്ലാസ് മുതൽ 16 വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് മാത്രമേ പ്രസ്തുത രാജ്യങ്ങളിൽ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ചേരാൻ സാധിക്കൂ. എന്നാൽ, അമേരിക്ക ഒഴികെയുള്ള രാജ്യങ്ങൾ ഈ രീതിയിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോൾ മൂന്ന് വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് വികസിത രാജ്യങ്ങളിൽ ചില പ്രീ ക്രെഡിറ്റ് കോഴ്‌സുകളുമുണ്ട്.

ഇന്ത്യയിൽ 'ദേശീയ വിദ്യാഭ്യാസ നയം 2020" ന്റെ ഭാഗമായി ചില സർവകലാശാലകൾ നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ബിരുദ പ്രോഗ്രാമുകൾ തയ്യാറാക്കുമ്പോൾ അടുത്തിടെ പുറത്തിറങ്ങിയ ഗ്ലോബൽ സ്‌കിൽസ് 2023 റിപ്പോർട്ട് വിലയിരുത്തി പരമ്പരാഗത കോഴ്‌സുകളിൽ കാലികമായ മാറ്റം വരുത്തേണ്ടതുണ്ട്. റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഭാവി ഇനവേഷൻ, തൊഴിലുകൾ എന്നിവയിലേക്കാവശ്യമായ കോഴ്‌സുകൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഇത് വിലയിരുത്താൻ രാജ്യത്തെ സർവകലാശാലകളും നയ രൂപീകരണ രംഗത്ത് പ്രവർത്തിക്കുന്നവരും തയ്യാറാകണം. ഡിജിറ്റലൈസേഷൻ, ഓട്ടോമേഷൻ, ആഗോളവത്കരണം എന്നിവയുടെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിൽ സ്‌കിൽ വികസനത്തിന് പ്രസക്തിയേറുന്നുവെന്നാണ് 2023ലെ ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അപ്‌സ്‌കില്ലിംഗ്, റീ സ്‌കില്ലിംഗ് എന്നിവയ്ക്ക് പ്രസക്തിയേറിവരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിലും 60 ശതമാനം തൊഴിലാളികൾക്ക് 2027 നുള്ളിൽ തുടർപരിശീലനം ആവശ്യമായി വരുമെന്ന് പ്രവചിച്ചിട്ടുണ്ട്.

പുതിയ തൊഴിൽ മേഖലകൾ

ബിസിനസ്സ്, ടെക്‌നോളജി, ഡാറ്റ സയൻസ് സ്‌കില്ലുകൾക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്. അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡർഷിപ് മാനേജ്മന്റ്, മാർക്കറ്റിംഗ്, സെയിൽസ്, സ്ട്രാറ്റജി & ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട സ്‌കില്ലുകൾക്കും ആവശ്യകതയേറും. ഓഡിറ്റിംഗ്, പീപ്പിൾ മാനേജ്‌മെന്റ്, ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നിവ ഇവയിൽപ്പെടുന്നു. ടെക്‌നോളജി സ്‌കില്ലുകളിൽ ക്‌ളൗഡ് കമ്പ്യൂട്ടിങ്, കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, ഡാറ്റാബേസ്, മൊബൈൽ ഡെവലപ്‌മെന്റ്, ഓപ്പറേഷൻസ് സിസ്റ്റംസ്, സെക്യൂരിറ്റി എൻജിനിയറിംഗ്, സോഫറ്റ്‌വേർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, വെബ് ഡെവലപ്‌മെന്റ് എന്നിവയ്ക്ക് പ്രാധാന്യമേറെയാണ്. സൈബർ സെക്യൂരിറ്റി, ആൻഡ്രോയിഡ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വേർ ആർക്കിടെക്ചർ, അൽഗൊരിതംസ് എന്നിവയ്ക്കാണ് സാദ്ധ്യത.

ഡാറ്റ സയൻസിൽ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്‌മെന്റ്, ഡാറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേണിംഗ്, മാത്തമാറ്റിക്‌സ്, പ്രോബബിലിറ്റി & സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിംഗ്, കമ്പ്യൂട്ടർ ആർക്കിടെക്ചർ, ബയോഇൻഫോർമാറ്റിക്‌സ്, എപിഡെമിയോളജി എന്നിവ ഉൾപ്പെടും. ഓപ്പറേഷൻസ് മാനേജ്‌മെന്റ്, ലീഡർഷിപ് ഡെവലപ്‌മെന്റ്, സപ്ലൈ ചെയിൻ സിസ്റ്റംസ്, ബഡ്ജറ്റ് മാനേജ്മന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, ലീഡർഷിപ് ആൻഡ് മാനേജ്മന്റ്, സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് എന്നിവ ഏറ്റവും കൂടുതലായി ആവശ്യമുള്ള തൊഴിൽ നൈപുണ്യ മേഖലകളാണ്.

വേണം കൃത്യമായ കാഴ്ചപ്പാട്

നാലുവർഷ ഓണേഴ്‌സ് പ്രോഗ്രാം നടപ്പിലാക്കുമ്പോൾ മൂന്ന് വർഷ സിലബസ് നാലുവർഷത്തേക്കാക്കുന്ന രീതി ഒഴിവാക്കി പുത്തൻ പഠന മേഖലകൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, കാലാവസ്ഥാവ്യതിയാനം, ഇനവേഷൻ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തണം. സ്‌കിൽ വികസനം, ഇന്റേൺഷിപ് എന്നിവയ്ക്ക് വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള സഹകരണം വേണം. കാമ്പസ് പ്ലേസ്‌മെന്റ്, ഭാഷ, കമ്പ്യൂട്ടർ പ്രാവീണ്യം, പൊതുവിജ്ഞാനം മുതലായവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. മാറുന്ന തൊഴിൽ സാഹചര്യം, ഉപരിപഠന ഗവേഷണ സാദ്ധ്യതകൾ, ഭാവി തൊഴിലുകൾ, ഭാവി ഇനവേഷനുകൾ എന്നിവ ലക്ഷ്യമിട്ടായിരിക്കണം പുതിയ ഓണേഴ്‌സ് പ്രോഗ്രാമുകൾ ആവിഷ്‌കരിക്കേണ്ടത്.