ആലുവ: എടയാർ വ്യവസായ മേഖലയിൽ അന്തരീക്ഷ മാലിന്യവും പരിസ്ഥിതി പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ ബയോഫിൽറ്റൽ സ്ഥാപിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ. ഇതുസംബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എടയാർ വ്യവസായ മേഖല ഭാഗത്തെ 15,16,17,18,20 വാർഡുകളാണ് വ്യവസായശാലകളിലെ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിട്ടുള്ളത്. അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന വിഷം കലർന്ന പുകയും മറ്റുമാണ് ജനങ്ങൾ ശ്വസിക്കുന്നത്. രാസമാലിന്യം ചേർന്ന മലിനജലം പെരിയാറിനേയും പാടശേഖരങ്ങളേയും വിഷലിപ്തവുമാക്കുന്നുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മാലിന്യം തള്ളുന്ന കമ്പനികളെ വ്യവസായ ഓഡിറ്റിലൂടെ കണ്ടെത്തി അവരുടെ സി.എസ്.ആർ ഫണ്ടും മറ്റു സംഭാവനകളും ഉപയോഗിച്ച് നാട്ടുകാർക്ക് ആരോഗ്യ ചികിത്സ ഇൻഷ്വറൻസ് പദ്ധതി ആരംഭിക്കണമെന്നും ശ്രീമൻ നാരായണൻ ആവശ്യപ്പെട്ടു.