കൊച്ചി: ടി.ജെ.വിനോദ് എം.എൽ.എയുടെ ആഭിമുഖ്യത്തിൽ 'കരുതലായ്' സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9.30ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ഇരുനൂറിലധികം ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ ക്യാൻസർ ഉൾപ്പടെയുള്ള രോഗങ്ങളുടെ സ്‌ക്രീനിംഗ്, ഇ.സി.ജി, എക്‌സ്‌റേ, സി.ടി.സ്‌കാൻ, മാമ്മോഗ്രാം, ലാബ് പരിശോധനകൾ, നേത്ര പരിശോധന, സൗജന്യ തിമിര ശസ്ത്രക്രിയ, കണ്ണട വിതരണം എന്നിവയുണ്ടാകും.
സാമൂഹിക സുരക്ഷാ മിഷനുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കുള്ള അദാലത്തും നടക്കും. 500 രോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യവും മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ലഭ്യമാക്കും. സൗജന്യ പീഡിയാട്രിക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.