
ആലുവ: തുരുത്ത് റെയിൽവേ നടപ്പാലം അന്യസംസ്ഥാനക്കാർ കൈയേറിയതോടെ നാട്ടുകാർ ഭീതിയിലായി. പാലത്തിന്റെ കൈവരികളിലും ഉള്ളിലും നിൽപ്പും ഇരുപ്പും പതിവായിയതോടെ പാലത്തിലൂടെ സഞ്ചരിക്കുന്ന നാട്ടുകാരാർ ബുദ്ധിമുട്ടുകയാണ്.
സ്ത്രീകളും കുട്ടികളുമാണ് ഏറെ ആശങ്കയിലായിട്ടുള്ളത്. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇവരുടെ താവളമാകുകയാണ് ഇവിടം.
ക്രിമിനൽ സ്വഭാവമുള്ള ചെറുപ്പക്കാരാണ് ഇവരിൽ ഭൂരിഭാഗവുമെന്ന് നാട്ടുകാർ പറയുന്നു. നടപ്പാലത്തിലും സമീപത്തും ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഇവരുടെ സ്വൈര്യ വിഹാരം സുഗമമാക്കുന്നു. മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും റെയിൽവേ നടപ്പാലം കേന്ദ്രീകരിക്കുന്നത് യാത്രക്കാർക്ക് ജീവനും സ്വത്തിനും ഭീഷണിയാവുന്നുണ്ട്.
തുരുത്ത് ഗ്രാമവാസികളാണ് നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നവരിൽ ഭൂരിഭാഗം പേരും. ഏറെ പ്രതിഷേധങ്ങളെ തുടർന്ന് രണ്ട് വർഷം മുമ്പാണ് അപകടാവസ്ഥയിലായിരുന്ന പാലം റെയിൽവേ പുനരുദ്ധരിച്ചത്.
നടപ്പാലത്തിലെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുന്നതിനും സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഭയരഹിതമായും സുരക്ഷിതമായും സഞ്ചരിക്കാൻ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകി.