കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര മാർഗനിർദ്ദേശങ്ങൾ നല്‌കി ഹൈക്കോടതി. ഇന്നലെ അവധിയായിട്ടും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇതിനായി പ്രത്യേകസിറ്റിംഗ് നടത്തി.
വെള്ളിയാഴ്ച ഭക്തർ ക്യൂ മറികടന്നത് പ്രശ്നമുണ്ടാക്കിയിരുന്നു. പൊലീസാണ് നിയന്ത്രിച്ചത്. ഇത് ആവർത്തിക്കാതിരിക്കാൻ സന്നിധാനത്തെ പൊലീസ് ചീഫ് കോ ഓർഡിനേറ്റർ നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ വിശദീകരിച്ചു.
പ്രതിദിനം 80,000 - 90,000 പേർ എത്തുന്നുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് 90,000 ആയി പരിമിതപ്പെടുത്തി. പമ്പയിലും നിലയ്ക്കലും സ്പോട്ട് ബുക്കിംഗ് 20,000 കവിഞ്ഞു. പമ്പയിലെ സ്പോട്ട്ബുക്കിംഗ് നിറുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളും വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാർ സമയം തേടി. വിഷയം 11ലേക്ക് മാറ്റി.
ഹൈക്കോടതി നിർദ്ദേശങ്ങൾ
തിരക്ക് നിയന്ത്രണത്തിന് സ്പെഷ്യൽ കമ്മിഷണർ സന്നിധാനത്ത് വേണം
ഷെഡുകളിലും ക്യൂകോംപ്ളക്‌സുകളിലും തിരക്കില്ലെന്ന് ഉറപ്പാക്കണം
ഇവിടങ്ങളിൽ ഭക്തർക്ക് ചുക്കുവെള്ളവും ബിസ്‌കറ്റും നൽകണം
ക്യൂവിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണം
ഭക്തരുടെ സഹായത്തിന് വോളന്റിയർമാരെ നിയോഗിക്കണം
സൗകര്യങ്ങളിലെ പോരായ്‌മകൾ സ്പെഷ്യൽ കമ്മിഷണറെ അറിയിക്കണം.
ദർശന സമയം കൂട്ടാനാവില്ലെന്ന് തന്ത്രി
ഒരു മിനിട്ടിൽ 70 - 80 ഭക്തരാണ് പതിനെട്ടാംപടി കയറുന്നത്. 17 മണിക്കൂറാണ് പ്രതിദിന ദർശനസമയം. ഇതനുസരിച്ച് ഒരുദിവസം 76,500 പേർക്കേ ദർശനം സാദ്ധ്യമാകൂ. ദർശനസമയം ഒന്നോ രണ്ടോ മണിക്കൂർ കൂട്ടാമോയെന്ന് തന്ത്രിയോട് ആരാഞ്ഞ് വിവരം അറിയിക്കാൻ രാവിലെ ഡിവിഷൻബെഞ്ച് ബോർഡിനോട് ആവശ്യപ്പെട്ടു. ദർശന സമയത്ത് തന്ത്രിയും മേൽശാന്തിയും സന്നിധാനത്ത് വേണ്ടതിനാൽ സമയം കൂട്ടാനാവില്ലെന്ന് തന്ത്രി മറുപടി നൽകി.
ദേവസ്വം ബോർഡ് അറിയിച്ചത്
ക്യൂ നീളുമ്പോൾ ഭക്തരെ തടഞ്ഞ് നിശ്ചിത ഇടവേളകളിലാണ് കടത്തിവിടുന്നത്. പമ്പ മുതൽ ശബരിപീഠം വരെ 16ക്യൂ ഷെഡുകളിലാണ് ഭക്തരെ നിറുത്തുന്നത്. ശബരിപീഠം മുതൽ മരക്കൂട്ടം വരെ രണ്ട് പൈലറ്റ് ക്യൂ കോംപ്ളക്സുകളും മരക്കൂട്ടംമുതൽ ശരംകുത്തിവരെ ആറ് ക്യൂ കോംപ്ളക്സുകളും ഉണ്ട്. തിരക്കു നിയന്ത്രിക്കാൻ അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും ദിവസം പതിനഞ്ചായി നിജപ്പെടുത്തി.
സന്നിധാനത്തെ സുരക്ഷ
1203 പൊലീസുകാർ
40 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ
113 റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സ് അംഗങ്ങൾ
പമ്പയിൽ 25 വീതം റാപ്പിഡ് ഫോഴ്‌സ് അംഗങ്ങളും
ദുരന്തനിവാരണ സേനാംഗങ്ങളും