തൃപ്പൂണിത്തുറ: നീണ്ട കാത്തിരിപ്പിനു ശേഷം തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള മെട്രോ സ്‌റ്റേഷനിലേക്ക് ആരംഭിക്കുമ്പോൾ റോഡിന്റെ കാര്യത്തിൽ ആശങ്കയകറ്റണമെന്ന് ട്രൂറ ഭാരവാഹികൾ ആവശ്യപ്പെട്ടു,
മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായെങ്കിലും റോഡിന്റെ കാര്യത്തിൽ തീരുമാനമായില്ല.
മെട്രോ റെയിലിനോടൊപ്പം 22 മീറ്റർ വീതിയിൽ എസ്.എൻ. ജംഗ്ഷൻ മുതൽ ഹിൽ പാലസ് റോഡുവരെ നാലുവരി പാത വേണമെന്നാവശ്യപ്പെട്ട് പരിസരവാസികളും ട്രൂറയും ചേർന്ന് നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് ചേർത്ത് ചർച്ച ചെയത് ചീഫ് സെക്രട്ടറി വ്യക്തമായ തീരുമാനം അറിയിക്കണമെന്ന് ജസ്റ്റീസ് ദേവൻരാമചന്ദ്രന്റെ ഉത്തരവ് നൽകിയിരുന്നു. കേസ് ഹൈക്കോടതി 12ന് വീണ്ടും വച്ചിട്ടുണ്ട്.
മെട്രോ സ്റ്റേഷനിലേക്ക് വാഹനങ്ങൾക്ക് എത്തുവാൻ ഇന്ന് ആകെയുള്ളത് റെയിൽവേയുടെ സ്വന്തം റോഡും പള്ളിപ്പറമ്പു കാവ്-റെയിൽവേസ്റ്റേഷൻ റോഡും മാത്രമാണ്. റെയിൽവേ റോഡ് മെട്രോയ്ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് റെയിൽവേ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. അതോടെ മെട്രോയിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കാനുള്ള ഏക ആശ്രയം നഗരസഭയുടെ നിയന്ത്രണത്തിലുള്ള 3 മീറ്റർ മാത്രം വീതിയുള്ള പള്ളിപ്പറമ്പുകാവ്-റെയിൽവേ സ്റ്റേഷൻ റോഡ് മാത്രമാണ്.
റോഡ് നിർമാണം സാധ്യമാകാതെ മെട്രോ സ്റ്റേഷൻ വാണിജ്യാവശ്യത്തിന് തുറന്നു കൊടുക്കുന്നത് പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുമെന്ന് ട്രൂറ ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും പറഞ്ഞു.