കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്ന് പുതിയ അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരിനെ അൽമായ മുന്നേറ്റം അതിരൂപത സമിതി അറിയിച്ചു. സിറോമലബാർ സഭാ സിനഡ് മെത്രാന്മാരുടെ ഉപസമിതിയുമായി വൈദികരും വിശ്വാസികളും ഉണ്ടാക്കിയ ധാരണപ്രകാരമാണെങ്കിൽ മാത്രമേ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായി സഹകരിക്കൂവെന്നും അൽമായ മുന്നേറ്റം അറിയിച്ചു.
സിനഡിൽ കമ്മിഷൻ ചെയർമാനായിരുന്ന ബോസ്‌കോ പുത്തൂരിന് വൈദികരും വിശ്വാസികളുമായുണ്ടാക്കിയ ധാരണ പൂർത്തീകരിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും പറഞ്ഞു.
സിനഡ് കമ്മിഷൻ ധാരണയനുസരിച്ച് എല്ലാ പള്ളികളിലും വർഷത്തിൽ ഒരുതവണത്തെ കുർബാനയും സഭയുടെ ആസ്ഥാന ദേവാലയമായ കത്തീഡ്രൽ ബസലിക്കയിൽ വിശേഷ ദിവസങ്ങളിലെ നിശ്ചിത കുർബാനയും മാത്രമേ ഏകീകൃത രീതിയിൽ നടത്തുകയുള്ളൂ.
യോഗത്തിൽ അൽമായ മുന്നേറ്റം അതിരൂപത കോർ കമ്മിറ്റി അംഗങ്ങളായ ജെമി ആഗസ്റ്റിൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി ജെറാർദ്, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, ഷിജോ മാത്യു, ബോബി ജോൺ, പ്രകാശ് പി. ജോൺ, കെ.എം. ജോൺ, ജൈമോൻ ദേവസ്യ, സൂരജ് പൗലോസ്, നിമ്മി ആന്റണി എന്നിവർ സംസാരിച്ചു. ബോസ്‌കോ പുത്തൂരിനൊപ്പം വികാരി ജനറൾ ഫാ. വർഗീസ് പൊട്ടക്കലും ചർച്ചയിൽ പങ്കെടുത്തു.