ആലുവ: നവകേരള സദസിനെ വിമർശിച്ച ആലുവ മാർക്കറ്റിലെ പച്ചക്കറി വ്യാപാരി ചെങ്ങമനാട് സ്വദേശി തോമസിനെ (72) മർദ്ദിച്ച സംഭവത്തിൽ 25ഓളം സി.പി.എം, സി.ഐ.ടി.യു നേതാക്കൾക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സഗീർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം രാജീവ് സക്കറിയ, മാർക്കറ്റിലെ ചുമട്ടു തൊഴിലാളികളായ രാജൻ, മിഥുൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25ഓളം പേർ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് തോമസ് മൊഴി നൽകിയിട്ടുള്ളത്.
അന്യായമായി സംഘം ചേർന്ന് ആക്രമിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഏഴിന് ഉച്ചയോടെ ആലുവ മാർക്കറ്റിൽ തോമസിന്റെ കടയ്ക്ക് മുന്നിലായിരുന്നു സംഭവം. തുടർന്ന് വ്യാപാരികൾ വെള്ളിയാഴ്ച്ച പച്ചക്കറി മാർക്കറ്റ് അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.