
ആലുവ: വിദേശത്ത് പോയിട്ടും ജോലി ലഭിക്കാതെ മടങ്ങേണ്ടിവന്നതിന്റെ നിരാശയിൽ സ്വന്തം മരണവിവരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടശേഷം യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. ആലുവ യു.സി കോളേജ് കടുപ്പാടം കണ്ണാപടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മലാണ് (28) മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടടെയായിരുന്നു സംഭവം. തൂങ്ങിയ നിലയിൽ കണ്ടെത്തിയ അജ്മലിനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായിൽ ജോലി ലഭിക്കാതെ മടങ്ങിയെത്തിയതിന്റെ നിരാശയിലായിരുന്നു അജ്മൽ. തൂങ്ങിമരിക്കുന്നതിന് 10 മിനിറ്റ് മുമ്പാണ് താൻ ജീവനൊടുക്കുന്ന വിവരം സൂചിപ്പിക്കുന്ന പോസ്റ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അജ്മൽ ഇട്ടത്. 'ആർ.ഐ.പി അജ്മൽ ഷെരീഫ് 1995 - 2023' എന്നതായിരുന്നു ചിത്രം സഹിതമുള്ള പോസ്റ്റ്.
ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെളിയത്തുനാട് ജുമാമസ്ജിദിൽ കബറടക്കി.
ജാസ്മിനാണ് മാതാവ്. സഹോദരി: അജ്‌ന.