
കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ കപ്പൽ നിർമ്മാണശാലയായ മുംബയ് മസഗോൺ ഡോക്കിലെ ആവശ്യങ്ങൾക്ക് കേരളത്തിൽ നിർമ്മിച്ച വൈദ്യുത- സൗരോർജ ബോട്ട്.
കൊച്ചി ആസ്ഥാനമായ മറൈൻടെക് കമ്പനി 'നവാൾട്ട്' ആലപ്പുഴ പാണാവള്ളിയിലെ യാർഡിലാണ് നിർമ്മിച്ചത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ വൈദ്യുത- സൗരോർജ ബോട്ടാണിത്. മണിക്കൂറിൽ വേഗം 12 നോട്ടിക്കൽ മൈൽ.
ഇന്ത്യൻ, പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളിൽ കണ്ടുവരുന്ന ആക്രമണസ്വഭാവമുള്ള മത്സ്യമായ 'ബറാക്കുഡ'യുടെ പേരാണ് ബോട്ടിന് നൽകിയത്. നാളെ വൈകിട്ട് മസഗോൺ ഡോക്ക് ജനറൽ മാനേജർ സഞ്ജയ് കുമാർ സിംഗ് ബോട്ട് ഏറ്റുവാങ്ങും. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകാനും ഉദ്യോഗസ്ഥരുടെ യാത്രയ്ക്കുമാണ് ബോട്ട് ഉപയോഗിക്കുക. 10 പേർക്ക് യാത്രചെയ്യാം.
14 മീറ്ററാണ് നീളം. 4.4 മീറ്രർ വീതി. 50കിലോവാട്ട് എൽ.എഫ്.പി (ലിഥിയം അയൺ ഫോസ്‌ഫേറ്റ്) ബാറ്ററിയിലും ആറ് കിലോവാട്ട് സൗരോർജത്തിലുമാണ് പ്രവർത്തനം. രണ്ടു വർഷംകൊണ്ടാണ് ബോട്ട് നിർമ്മിച്ചത്. ലോകത്തിലെ മികച്ച വൈദ്യുത യാത്രാബോട്ടിനുള്ള ഗുസ്താവ് ട്രോവ് ബഹുമതി ലഭിച്ച കേരളത്തിലെ 'ആദിത്യ' നിർമ്മിച്ചതും നവാൾട്ടാണ്.
7 മണിക്കൂർ
ഒരുതവണ ചാർജിംഗിൽ യാത്ര ചെയ്യാം
(പിന്നീട് സൗരോർജത്തിൽ പ്രവർത്തിക്കും)
2.5 കോടി
നിർമ്മാണച്ചെലവ്
കേരളത്തിനായി 'ഇന്ദ്ര"
കേരള ടൂറിസം വകുപ്പിനുവേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് നൗക 'ഇന്ദ്ര"യുടെ നിർമ്മാണം നവാൾട്ട് യാർഡിൽ പുരോഗമിക്കുന്നു. 75 മീറ്ററാണ് നീളം. 7 മീറ്റർ വീതി. രണ്ടു നിലകളിലായി 100 പേർക്ക് യാത്ര ചെയ്യാം. പുതുവർഷത്തിൽ നീറ്റിലിറക്കും.
''മുംബയ് മസഗോൺ ഡോക്കിനായി ബോട്ട് നിർമ്മിക്കാൻ സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു
-അർജുൻ സേതുനാഥ്,
സി.എം.ഒ, നവാൾട്ട്