കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ അനുശോചിച്ചു.
രാഷ്ട്രീയത്തിന് അതീതമായി ജനകീയനായ വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രനെന്ന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കബാവ ബസേലിയോസ് തോമസ് പ്രഥമൻ അനുസ്മരിച്ചു. സൗമ്യമായ രാഷ്ട്രീയ ശൈലിയിലൂടെ മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയ അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്തിന് തീരാനഷ്ടമാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
ആർ.ജെ.ഡി
കാനം രാജേന്ദ്രന്റെ നിര്യാണം രാഷ്ട്രീയകേരളത്തിന്റെ നഷ്ടമാണെന്ന് ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. വ്യക്തിപരമായും രാഷ്ട്രീയപരമായും അടുത്ത ബന്ധവും ബഹുമാനവും പുലർത്തിയിരുന്നു. തൊഴിലാളിരംഗത്തെ അദ്ദേഹത്തിന്റെ സേവനങ്ങളും പ്രവർത്തനവും എക്കാലത്തും ഓർമ്മിക്കപ്പെടുമെന്ന് അനു ചാക്കോ അനുസ്‌മരിച്ചു.
എൻ.കെ.സി
സത്യസന്ധതയും ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകനായിരുന്നു കാനമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് (എസ്)
കോൺഗ്രസ് (എസ്) വൈറ്റില മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.ടി വിനീത് അനുസ്‌മരണ പ്രഭാഷണം നടത്തി. തൃക്കാക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് മരിയ വിൻസെന്റ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. രാഹുൽ തുടങ്ങിയവർ സംസാരിച്ചു.