കൊച്ചി: കേരളത്തിൽ ആദ്യമായി ഐ.എസ്.ഒ (ഇന്റർനാഷണൽ ഓ‌ർഗനൈസേഷൻ ഫോർ സ്റ്റാന്റേർഡൈസേഷൻ) അംഗീകാരം ലഭിക്കുന്ന സർക്കാർ ഓഫീസായി ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷൻ ഓഫീസ് (ആർ.ഡി.ഒ). മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മികച്ച സേവനം നൽകുന്നതിനും ഭൂമി തരംമാറ്റം, അതിലെടുക്കുന്ന തീരുമാനങ്ങളുടെ വേഗത, തീർന്ന പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവയെല്ലാം കണക്കിലെടുത്താണ് അംഗീകാരം.

2023ലെ സാമൂഹിക ക്ഷേമ വകുപ്പിന്റെ പുരസ്കാരവും ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷൻ ഓഫീസിന് ലഭിച്ചിരുന്നു. പുരസ്കാരം ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതിന് മുതൽക്കൂട്ടായി. മാർച്ച് മാസം മുതൽ ഐ.എസ്.ഒ പ്രതിനിധികൾ ഓഫീസ് പ്രവ‌‌ർത്തനങ്ങളും ജനങ്ങളോടുള്ള സമീപനവും കാര്യങ്ങൾ തീർപ്പാക്കുന്നതിനുള്ള കഴിവുകളും നിരീക്ഷിച്ചുവരുകയായിരുന്നു.

ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഇന്ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ സബ് കളക്ടർ വിഷ്ണു രാജ് ഏറ്റുവാങ്ങും. കെ.ജെ മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അദ്ധ്യക്ഷത വഹിക്കും. ഐ.എസ്.ഒ ഡയറക്ടർ എൻ. ശ്രീകുമാർ വിഷയാവതരണം നടത്തും. കൊച്ചി തഹസിൽദാർ സുനിത ജേക്കബ് പങ്കെടുക്കും.

തനിമ നിലനിറുത്തി പ്രവ‌ർത്തനം

100 വർഷത്തിന് മേൽ പഴക്കമുള്ള ഓഫീസ് കെട്ടിടത്തിന്റെ തനിമയും പാരമ്പര്യവും ചരിത്രപരമായ രീതികളും നിലനിറുത്തിയിരിക്കുകയാണ്. എല്ലാ ഉദ്യോഗസ്ഥരും കാലതാമസമില്ലാതെ സേവനങ്ങൾ കൃത്യമായി നൽകി. സൗഹൃദപരമായ അന്തരീക്ഷം ഓഫീസിൽ സൃഷ്ടിച്ച് സമയബന്ധിതമായി പ്രവർത്തനങ്ങൾ ചെയ്തതുമാണ് അംഗീകാരത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

ഐ.എസ്.ഒ അംഗീകാരം

പൊതസേവനങ്ങൾ നൽകുന്നതിലെ ഗുണമേന്മയ്ക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ്. ഔദ്യോഗിക രേഖകൾ കൃത്യമാക്കുക, ഫ്രണ്ട് ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, ഓഫീസ് മാനേജ്‌മെന്റ് സംവിധാനം കൃത്യമാക്കുക, സേവനഗുണമേന്മ ഉറപ്പുവരുത്തുക, ജീവനക്കാരുടെ കാര്യശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.

റവന്യൂ ഡിവിഷൻ ഓഫീസിന്റെ പഴക്കവും തനിമയും നിലനിറുത്തി മികച്ച സേവനങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. സേവനങ്ങൾ മികവുറ്റതാക്കുവാനും ജനോപകാരപ്രതമായി കാര്യങ്ങൾ ചെയ്യാനുമുള്ള പ്രചോതനമാണ്.

വിഷ്ണുരാജ്

സബ് കളക്ടർ

ഫോർട്ട്കൊച്ചി