ആലുവ: 55 ലക്ഷം രൂപ ചെലവഴിച്ച് ഒന്നാംഘട്ടമായി നവീകരിച്ച ആലുവ നഗരസഭാ ഗ്രൗണ്ട് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സ്റ്റീൽ ഫെൻസിംഗ്, മനോഹരമായ പ്രവേശനകവാടം, ഇലക്ട്രിഫിക്കേഷൻ, ടോയ്‌ലെറ്റ് ബ്ളോക്ക് എന്നിവയാണ് ആദ്യഘട്ട നവീകരണത്തിൽ പൂർത്തിയാക്കിയത്.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പുഴിത്തറ, എം.പി.സൈമൺ, ലിസ ജോൺസൺ, ഗയിൽസ് ദേവസി പയ്യപ്പിള്ളി, മുനിസിപ്പൽ സെക്രട്ടറി ഡി. ജയകുമാർ, ദേശീയ ഫുട്‌ബാൾ താരം എം.എം. ജേക്കബ്, കൗൺസിലർമാരായ കെ. ജയകുമാർ, ഡീനാ ഷിബു, ശ്രീലത രാധാകൃഷ്ണൻ, എൻ. ശ്രീകാന്ത്, ഷമ്മി സെബാസ്റ്റ്യൻ, ജയ്‌സൺ പീറ്റർ, മുനിസിപ്പൽ എൻജിനിയർ ബേസിൽ മാത്യു എന്നിവർ സംസാരിച്ചു.
ഉദ്ഘാടനശേഷം ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും എസ്.എച്ച് കോളേജ് തേവരയും തമ്മിൽ സൗഹൃദ ഫുട്‌ബാൾ മത്സരവും നടന്നു.
രണ്ടാംഘട്ട നവീകരണം രണ്ട് മാസത്തിനകം
ഗ്രൗണ്ടിന്റെ രണ്ടാംഘട്ട നവീകരണം രണ്ട് മാസത്തിനകം തുടങ്ങുമെന്ന് ചെയർമാൻ എം.ഒ. ജോൺ 'കേരളകൗമുദി'യോട് പറഞ്ഞു. ജെബി മേത്തർ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 1.25 കോടി രൂപ ചെലവിൽ ആർട്ടിഫിഷ്യൽ ടർഫ് നിർമ്മാണവും അവശേഷിക്കുന്ന ഭാഗത്തെ വൈദ്യുതി വത്കരണവുമാണ് രണ്ടാംഘട്ട പദ്ധതിയിലുള്ളത്.
നവീകരിച്ച മുനിസിപ്പൽ പാർക്കും ഗ്രൗണ്ടും തുറന്നു. പുതുക്കിപ്പണിയുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും ഫെബ്രുവരിയിൽ തുറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലുവ മാർക്കറ്റ് നവീകരണമാണ് ഒമ്പത് വർഷമായിട്ടും തുടങ്ങാനാകാതെ അനിശ്ചിതത്വത്തിലുള്ളത്.