1

ഫോർട്ട്കൊച്ചി: ഇനി മൂന്നാഴ്ച ഫോർട്ടുകൊച്ചിക്ക് ഉറക്കമില്ലാത്ത രാവുകൾ. കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് ഇന്നലെ ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ റീത്ത് സമർപ്പണത്തോടെയാണ് തുടക്കമായിത്. വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

കൊച്ചി മേയർ അഡ്വ.അനിൽകുമാർ യുദ്ധ സ്മാരകത്തിൽ റീത്ത് സമർപ്പിച്ചു. തുടർന്ന് ഫോർട്ടുകൊച്ചി സബ് കളക്ടർ പി വിഷ്ണു രാജ്, കെ. കെ. ശിവൻ (നാഷനൽ എക്സ് സർവീസ്മെൻ കോഓർഡിനേഷൻ കമ്മിറ്റി), കെ. കെ. നദീർ (കാർണിവൽ കമ്മിറ്റി), ടി.പി.ഫ്രാൻസിസ് (മദ്രാസ് റെജിമെന്റ് ), ഐ. എൻ. എസ് ദ്രോണാചാര്യ കമാണ്ടിംഗ് ഓഫീസർ മാനവ് സെഹ്ഗാൽ എന്നിവരും റീത്ത് സമർപ്പണം നടത്തി. എം. അനിൽകുമാർ, പി. വിഷ്ണു രാജ്, മാനവ് സെഹ്ഗാൽ തുടങ്ങിയവർ പ്രസംഗിച്ചു. നാഷനൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി കെ. എം. പവിത്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാർണിവൽ കമ്മിറ്റി ജനറൽ കൺവീനർ സേവ്യർ ബോബൻ നന്ദി പറഞ്ഞു. ബൈക്ക് റേസ്, ചൂണ്ടയിടൽ മത്സരം, കരോക്കെ ഗാനമേള, ചവിട്ട് നാടകം, ഗോലി കളി തുടങ്ങിയ മത്സരങ്ങൾ നടക്കും. 31 ന് രാത്രി 12 ന് പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിക്കും. ജനുവരി 1 ന് ഫോർട്ട് കൊച്ചി വെളിയിൽനിന്ന് ആരംഭിക്കുന്ന കാർണിവൽ റാലി സമാപിക്കുന്നതോടെ പരിപാടിക്ക് തിരശീല വീഴും.