ആലുവ: കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പോരിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന എ ഗ്രൂപ്പുകാർ അടികൊണ്ട ഐ ഗ്രൂപ്പുകാർക്ക് പിന്തുണയുമായെത്തിയത് കൗതുകമായി.
ആലുവ നിയോജക മണ്ഡലത്തിലെ ചെങ്ങമനാട്, കാഞ്ഞൂർ, ചൂർണിക്കര മണ്ഡലം കമ്മിറ്റികൾ ഐ വിഭാഗം ഏകപക്ഷീയമായി പിടിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് സർക്കാരിനെതിരെ സമരത്തിൽ നിന്ന് എ ഗ്രൂപ്പ് വിട്ടുനിന്നത്. നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ആലുവയിലെത്തിയ കഴിഞ്ഞ ഏഴിനും എ ഗ്രൂപ്പുകാർ കരിങ്കൊടി സമരത്തിന് മുതിർന്നില്ല. എ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള ആലുവ നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസുകർ സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയും ഇതുസംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തു.
അതേസമയം, എ ഗ്രൂപ്പുകാർ സമരത്തിൽ നിന്ന് പിന്മാറുന്നതിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഷീദിന്റെയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി അൽ അമീൻ അഷറഫിന്റെയും നേതൃത്വത്തിൽ ഐ ഗ്രൂപ്പുകാർ ദേശത്തും പറവൂർകവലയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി. രണ്ടിടത്തും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് അകമ്പടി പോയ ഡി.വൈ.എഫ്.ഐക്കാരുടെ മർദ്ദനം ഐ ഗ്രൂപ്പുകാർക്ക് ഏറ്റുവാങ്ങേണ്ടിവന്നു. പ്രതിപക്ഷ നേതാവും എം.എൽ.എയുമെല്ലാം പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കുകയും വിവിധ പോഷക സംഘടനകൾ സമരവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ എ ഗ്രൂപ്പുകാർക്ക് മാറിനിൽക്കാനാകാത്ത അവസ്ഥയായി.
ഒടുവിൽ ശനിയാഴ്ച വൈകിട്ട് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ എം.പിയും ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചു. നിലവിൽ പ്രാദേശിക എ ഗ്രൂപ്പുകാരും പൊലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളെയും മാർക്കറ്റിലെ വ്യാപാരിയെും മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ളാം അറിയിച്ചു. ഡി.വൈ.എഫ്.ഐ ഗുണ്ടായിസത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും അസ്ലാം വ്യക്തമാക്കി.