
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിന് സമീപം കളഞ്ചം പാലസിൽ ശ്രീപൂർണത്രയീശ ചിത്രകലാഉത്സവം സിനിമാതാരം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. അന്യം നിന്ന് പോകുന്ന ക്ഷേത്രകലകളെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ എ.എം.ഒ ആർട്ട് ഗ്യാലറി സംഘടിപ്പിക്കുന്ന 42-ാമത്തെ ചിത്ര പ്രദർശനമാണ് ആരംഭിച്ചത്. ആറാട്ട് ദിവസം വരെ 11 കലാകാരൻമാരുടെ തത്സമയ ചിത്രരചനയും ചിത്ര പ്രദർശനവും നടക്കും. വരച്ച ചിത്രങ്ങളുടെ മിഴി തുറക്കൽ ചടങ്ങോട് കൂടി ചിത്രകലാ ഉത്സവം സമാപിക്കും. എ.എം.ഒ രക്ഷാധികാരി പ്രകാശ് അയ്യർ അദ്ധ്യക്ഷത വഹിച്ചു. ക്യൂറേറ്റർ സി.ബി.കലേഷ്കുമാർ, മുൻസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് പ്രസിഡന്റ് എസ്. അനുജൻ എന്നിവർ സംസാരിച്ചു.