ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ഭൂഗഭ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചാലയ്ക്കൽ പകലമറ്റം മുതൽ പൈപ്പിടുന്ന ജോലികൾ ആരംഭിച്ചതാണ് ഗതാഗത തടസം അതിരൂക്ഷമാക്കിയത്.
പകലമറ്റം ബസ് സ്റ്റോപ്പ് മുതൽ റോഡിന്റെ ഒരു ഭാഗത്ത് ആരംഭിച്ച പൈപ്പിടൽ ജോലികൾ ഇപ്പോൾ ഏറെ തിരക്കേറിയ മഹിളാലയം ജംഗ്ഷൻ വരെ എത്തിയിട്ടുണ്ട്. ഇതോടൊപ്പം റോഡിന്റെ എതിർവശവും പൈപ്പിടൽ ആരംഭിച്ച് ചാലക്കൽ പതിയാട്ട് കവല വരെയായി. ഇതോടെ രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുകയാണ്. വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തതോടെ പൈപ്പിട്ട കുഴിയിൽ വാഹനങ്ങൾ പുതഞ്ഞ് അപകടങ്ങളുമുണ്ടായി. വെയിൽ ശക്തമാകുമ്പോൾ പൊടി ശല്യവും രൂക്ഷമാണ്.
ജെ.സി.ബി ഉപയോഗിച്ചാണ് പൈപ്പിടുന്നതിന് കുഴിയെടുക്കുന്നതും മൂടുന്നതും. അതിനാൽ പല സ്ഥലങ്ങളിലും ശരിയായ രീതിയിൽ കുഴിമൂടപ്പെടുന്നില്ല. ഇതും വാഹനയാത്രികർക്ക് ഭീഷണിയാണ്. ഒരു ഭാഗത്ത് പണി തീർന്നശേഷം മാത്രം എതിർഭാഗത്തെ ജോലികൾ ആരംഭിച്ചാൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്. തിരക്കേറിയ വൈകുന്നേരങ്ങളിൽ ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.