#കെ.എസ്.യുക്കാർക്ക് ഡി.വൈ.എഫ്.ഐ മർദ്ദനം
#കോൺ. പ്രവർത്തകനെ കനാലിലേക്ക് തള്ളിയിട്ടു
സ്വന്തം ലേഖകർ
പെരുമ്പാവൂർ/കോതമംഗലം: നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ എറണാകുളം ജില്ലയിൽ പലയിടത്തും പ്രതിഷേധം. ഷൂസുകൾ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് ഡി.വൈ.എഫ്.ഐക്കാരുടെ മർദ്ദനമേറ്റു. പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കു നേരെ കൈയേറ്റ ശ്രമമുണ്ടായി. എം.എൽ.എയെ രക്ഷിക്കാൻ ശ്രമിച്ച ഡ്രൈവർക്ക് പരിക്കേറ്റു. കരിങ്കൊടി കാട്ടാനെത്തിയ കോൺഗ്രസ് പ്രവർത്തകനെ കോതമംഗലം ഇരുമലപ്പടിയിൽ മർദ്ദിച്ച് കനാലിലേക്ക് തള്ളിയിട്ടു.
പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകവേ ഓടക്കാലിയിൽ വച്ചാണ് ബസിനു നേർക്ക് കെ.എസ്.യു പ്രവർത്തകർ ഷൂസ് എറിഞ്ഞത്. ബസിന്റെ ചില്ലിൽ വന്നുപതിച്ചു. പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചു. ഏഴ് കെ.എസ്.യു പ്രവർത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പരിക്കുകളോടെ പൊലീസ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരുമ്പാവൂരിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടി. ഇതിനിടെ മർദ്ദനമേറ്റ പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങവേയാണ് കൈയേറ്റമുണ്ടായതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. തടയാൻ ശ്രമിക്കവേ പരിക്കേറ്റ ഡ്രൈവർ അഭിജിത്തിനെ സാരമായ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് എൽദോസ് പറഞ്ഞു.
നടപടി വേണ്ടി
വരും: മുഖ്യമന്ത്രി
നവകേരള ബസിന് നേരെയുണ്ടായ ഷൂസ് ഏറ് തുടർന്നാൽ സർക്കാരിന് നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി കോതമംഗലത്തെ സദസിൽ പറഞ്ഞു. സദസിന് എത്തിയവർ ഒന്ന് ഉൗതിയാൽ പ്രതിഷേധക്കാർ പറന്നുപോകുമെന്നും പറഞ്ഞു.