
പെരുമ്പാവൂർ: കേരളത്തിനു ലഭിക്കേണ്ട അർഹതപ്പെട്ട വിഹിതം കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നികുതി വരുമാനത്തിൽ അർഹതപ്പെട്ട അവകാശമാണ് കേന്ദ്രം നിഷേധിച്ചിക്കുന്നത്. സംസ്ഥാനത്തോട് വലിയ തോതിലുള്ള അവഗണനയാണ് കേന്ദ്രം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന് അർഹതപ്പെട്ടഅവകാശമാണ് ചോദിക്കുന്നതെന്നും മുഖ്യമ ന്ത്രി പറഞ്ഞു.
പെരുമ്പാവൂരിൽ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കാലാനുസൃതമായ പുരോഗതി എല്ലാ മേഖലളകളിലും വേണം. ഏതു കൂട്ടായ്മയും കവച്ചുവയ്ക്കുന്ന ജനക്കൂട്ടമാണ് എല്ലാ സ്ഥലങ്ങളിലും നവകേരളസദസിന്റെ കൂട്ടായ്മയിൽ കാണുന്നത്.
സംഘാടകസമിതി ചെയർമാൻ ബാബു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വീണ ജോർജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവിനറും തഹസീൽദാറുമായ ജോർജ് ജോസഫ് സ്വാഗതം പറഞ്ഞു.
സർക്കാറുകൾക്ക് മാതൃക :
മന്ത്രി പി.എ. മുഹമ്മദ് റിയാസ്
മൂവാറ്റുപുഴ: ലോകമെമ്പാടുമുള്ള സർക്കാരുകൾക്ക് മാതൃകയായ പ്രവർത്തനങ്ങളാണ് നവകേരള സദസിലൂടെ സർക്കാർ കാഴ്ച വയ്ക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
മൂവാറ്റുപുഴ നിയോജക മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മന്ത്രിസഭ ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നത്. മറ്റു സംസ്ഥാനങ്ങളെക്കാൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു.
പെരുമ്പാവൂർ വികസനത്തിന്റെ
തെളിവ് : മന്ത്രി സജി ചെറിയാൻ
പെരുമ്പാവൂർ: രാഷ്ട്രീയ ഭേദമന്യേ ഒരുപോലെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കുന്നതിന്റെ തെളിവാണ് പെരുമ്പാവൂരിന്റെ വികസനമെന്ന് ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾക്കാണ് പെരുമ്പാവൂർ സാക്ഷ്യം വഹിച്ചത്. നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങളും ജനകീയ സർക്കാരിനൊപ്പം പങ്കാളികളാവുകയാണെന്ന് മന്ത്രി പറഞ്ഞു.
പെരുമ്പാവൂർ മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളെയും പങ്കെടുപ്പിച്ച് നാടിന്റെ ഭാവി വികസനത്തിനുള്ള ചർച്ചയാണ് നവകേരള സദസിൽ നടക്കുന്നത്. കേന്ദ്ര സർക്കാർ വികസന വിരുദ്ധ നടപടികളിലൂടെ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ്. ഇതിനെതിരെ പ്രതിപക്ഷം ശബ്ദമുയർത്തുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലും വൻവികസന പുരോഗതിയിലേക്ക് സംസ്ഥാനത്തെ നയിക്കാൻ സർക്കാരിനായതായി അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളിൽ ഇടപെടുന്ന
സർക്കാർ : മന്ത്രി അഹമ്മദ് ദേവർകോവിൽ
മൂവാറ്റുപുഴ: സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിന് സംസ്ഥാന സർക്കാരിന് സാധിക്കുന്നുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
മൂവാറ്റുപുഴ മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തികമായി പ്രതിസന്ധി നേരിടുമ്പോഴും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നു. സർക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേരളത്തിലെ ജനങ്ങളെ ബോധവാന്മാരാക്കുക, ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വികസനത്തിന് ജന പിന്തുണ
അനിവാര്യം: മന്ത്രി വി.എൻ. വാസവൻ
പെരുമ്പാവൂർ: സുസ്ഥിര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലും തുടരുന്ന ആവേശകരമായ വികസനത്തിന് ജനങ്ങളുടെ നിർദ്ദേശങ്ങളും പിന്തുണയും അനിവാര്യമാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നവകേരള നിർമ്മിതിയിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.
പെരുമ്പാവൂർ മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളം. ഏഴുവർഷത്തിനിടെ വർഗീയ കലാപങ്ങൾ നടന്നിട്ടില്ല. രാജ്യത്ത് പലയിടത്തും പൗരാവകാശങ്ങളും മതനിരപേക്ഷതയും ഹനിക്കപ്പെടുമ്പോൾ കേരളം ബദൽ ഉയർത്തുകയാണ്.
സംസ്ഥാന സർക്കാർ നടത്തിവന്ന സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഫലമാണ് അഭൂതപൂർവമായ ജനപങ്കാളിത്തമെന്ന് മന്ത്രി പറഞ്ഞു.
യുവപ്രതിഭകൾക്ക്നവകേരള
ഫെല്ലോഷിപ്പ്: മന്ത്രി ആർ ബിന്ദു
മൂവാറ്റുപുഴ: നവകേരള നിർമിതിക്ക് സവിശേഷ അറിവുകൾ സംഭാവന ചെയ്യുന്ന, ഗവേഷണം നടത്തുന്ന യുവപ്രതിഭകൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ നൽകുന്ന നവകേരള ഫെല്ലോഷിപ്പ് എന്ന ആശയം പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു . മൂവാറ്റുപുഴ മണ്ഡലത്തിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷി, വ്യവസായം, ആരോഗ്യം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കേരളം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് യുവാക്കളുടെ പ്രതിഭ ഉപയോഗിക്കുക എന്നുള്ളത് ലക്ഷ്യം. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിറുത്തി സമഗ്ര വികസനമാണ് സർക്കാർ ആവിഷ്കരിക്കു ന്നതെന്നും മന്ത്രി പറഞ്ഞു.