കോതമംഗലം: കേന്ദ്രസർക്കാരിന്റെ തെറ്റായ ഇടപെടലുകൾ സംസ്ഥാനത്തിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോതമംഗലം മാർ ബേസിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർഹമായ വിഹിതങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുന്നതിനാൽ സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണ്. കഴിഞ്ഞ ‌ഏഴു വർഷത്തിനിടെ 1,07,513 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. കേരളം ചെലവാക്കിയ കോടിക്കണക്കിന് രൂപയും കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരത്തിൽ കൈകടത്തുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.ഡി.എഫ് എം.പിമാർ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിക്കുന്നില്ല. കേരളത്തിന്റെ ശബ്ദം വേണ്ടവിധം പാർലമെന്റിൽ ഉയരുന്നില്ല. കേരളം ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, വീണാ ജോർജ് എന്നിവർ സംസാരിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു, കെ.രാധാകൃഷ്ണൻ, വി. ശിവൻ കുട്ടി, എം.ബി. രാജേഷ്, സജി ചെറിയാൻ, വി.അബ്ദുറഹിമാൻ, പി.എ. മുഹമ്മദ് റിയാസ്, ഡോ.ആർ. ബിന്ദു, അഹമ്മദ് ദേവർകോവിൽ, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, കളക്ടർ എൻ.എസ്. കെ. ഉമേഷ് എന്നിവർ പങ്കെടുത്തു.