മൂവാറ്റുപുഴ: കാർഷിക- മലയോര മേഖലയായ മൂവാറ്റുപുഴയിൽ പതിനായിരങ്ങളുടെ സംഗമവേദിയായി നവകേരള സദസ്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങേണ്ട അപേക്ഷ സ്വീകരിക്കൽ ഒരു മണിക്കൂർ നേരത്തെ ആരംഭിച്ചു. വിവിധ സംഘടനാ ഭാരവാഹികളും പൊതുജനങ്ങളും നേരത്തേയെത്തിയതിനാൽ പ്രത്യേകം തയാറാക്കിയ 26 കൗണ്ടറുകളിൽ ഒരു മണിയോടെ അപേക്ഷ സ്വീകരിച്ചുതുടങ്ങുകയായിരുന്നു.

ഭിന്നശേഷിക്കാർ,​​ സ്ത്രീകൾ , മുതിർന്ന പൗരന്മാർ, പൊതു വിഭാഗം എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു. സ്ത്രീകളുൾപ്പെടെയുള്ളവർ കുടുംബാംഗങ്ങളുമായാണ് നവകേരള സദസിനെത്തിയത്. പൗരപ്രമുഖർ,​ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

മൂവാറ്റുപുഴ നഗരസഭ, മാറാടി, വാളകം, പായിപ്ര, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, പാലക്കുഴ, ആരക്കുഴ പഞ്ചായത്തുകളിലെയും മൂവാറ്റുപുഴ നഗരസഭയിലെയും ജനങ്ങളാണ് നവകേരള സദസിൽ പങ്കെടുത്തത്. പൊതുസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എൽദോ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ആർ.ബിന്ദു, പി.എ. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴയിലെ നവകേരള സദസിനുശേഷം നെഹ്രു പാർക്ക്, വാഴക്കുളം വഴി തൊടുപുഴയ്ക്ക് തിരിച്ച മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജില്ലാ അതിർത്തിയായ അച്ചൻ കവലയിൽ യാത്രഅയപ്പ് നൽകി.