കൊച്ചി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങളും രുചിഭേദങ്ങളും പരിചയപ്പെടുത്തുന്ന ദേശീയ സരസ് മേളയ്ക്ക് കൊച്ചിയിൽ ഒരുക്കം പൂർത്തിയാകുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വർഷത്തിൽ രണ്ടു തവണ വീതം നടക്കുന്ന ദേശീയ സരസ് മേള 21ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കും.
കേരളത്തിൽ കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിലാണ് മേള നടക്കുക. ജനുവരി ഒന്നു വരെ നീളുന്ന മേളയിൽ 28 സംസ്ഥാനങ്ങളും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുക്കും. 250 സംരംഭക സ്റ്റാളുകളും 40 ഫുഡ് കോർട്ടുകളുമാണുള്ളത് . ഇതിൽ 100 സ്റ്റാളുകളും 15 ഭക്ഷണശാലകളും അന്യസംസ്ഥാനക്കാരുടേതായിരിക്കും. ആന്ധ്രാപ്രദേശ്, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നടക്കമുള്ള ഭക്ഷണശാലകൾ ഉണ്ടാകും.
ഗ്രാമീണമേഖലയിലെ വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾക്കാണ് മേളയിൽ മുൻഗണന നൽകുക. പുരുഷന്മാർക്കും പ്രാതിനിധ്യം ഉണ്ടാവും.
മേളയുടെ എല്ലാ ദിനങ്ങളിലും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. മട്ടന്നൂർ ശങ്കരൻകുട്ടി, സ്റ്റീഫൻ ദേവസി, നഞ്ചിയമ്മ, ആശ ശരത്, റിമി ടോമി, തുടങ്ങിയവരുടെ കലാപരിപാടികൾ അരങ്ങേറും.
ലക്ഷ്യം ഉറച്ച വിപണി
രാജ്യത്തെ ഗ്രാമീണ സംരംഭകർക്ക് മികച്ച വിപണി ഉറപ്പാക്കുക, ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ വിൽക്കാൻ അവസരം സൃഷ്ടിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ. ഇന്ത്യയിലെങ്ങുമുള്ള ഗ്രാമീണ കരകൗശല വിദഗ്ദ്ധർ, കരകൗശല തൊഴിലാളികൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയും.
ചർച്ചകളും സെമിനാറുകളും
മേളയുടെ എല്ലാ ദിനങ്ങളിലും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ സെമിനാറുകൾ, വിവിധ സി.ഡി.എസുകളിൽ നിന്ന് ബഡ്‌സ് സ്‌കൂൾ കുട്ടികളുടെ കലാപരിപാടികൾ, പ്രശസ്ത കലാകാരന്മാരുടെ പരിപാടികൾ എന്നിവയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
കോളേജ് വിദ്യാർത്ഥികൾക്ക് ഫാഷൻ ഷോ
സരസ്‌മേളയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി 22ന് ഫാഷൻ ഷോ സംഘടിപ്പിക്കും. ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവർക്ക് 10,000 രൂപ, രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 5000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 3000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും. കൂടാതെ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.
വരുമാനം
പ്രതീക്ഷിക്കുന്നത്
20 കോടിക്ക് മുകളിൽ
സ്റ്റാളുകൾ- 250
മേയിൽ കൊല്ലത്ത്- 14.95 കോടി
ഡിസംബറിൽ കോട്ടയത്ത്- 8.5 കോടി