
പൂനെയിലെ നാഷണൽ ഇൻഷ്വറൻസ് അക്കാഡമിയിൽ (എൻ.ഐ.എ) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി.എം) പ്രവേശനത്തിന് അപേക്ഷിക്കാം. 2024-26 ബാച്ചിലേക്കുള്ള പ്രവേശനമാണിത്. ആകെ 180 സീറ്റുകളുണ്ട്. പതിനൊന്നു ലക്ഷം രൂപയാണ് രണ്ടു വർഷ കോഴ്സ് ഫീ.
മാനേജ്മെന്റും ഇൻഷ്വറൻസും ഒരുമിച്ച് പഠിക്കാനുള്ള അവസരമാണ് ഈ പ്രോഗ്രാം ലക്ഷ്യംവയ്ക്കുന്നത്. സിലബസിൽ 60 ശതമാനം മാനേജ്മെന്റ് വിഷയങ്ങളായ എച്ച്.ആർ, ഫിനാൻസ്, അനലറ്റിക്സ് & ടെക്നോളജി, മാർക്കറ്റിംഗ് എന്നിവയാണ്. ഇൻഷ്വറൻസ് വിഷയങ്ങളായ ജനറൽ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ്, പെൻഷൻ, റീ ഇൻഷ്വറൻസ് എന്നിവയാണ് സിലബസിൽ ബാക്കി.
50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. CAT 2023/XAT 2024/CMAT 2024 എന്നിവയുടെയും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
28 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി.
രാജ്യത്തെ പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ ചേർന്ന് ആരംഭിച്ചതാണ് എൻ.ഐ.എ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.03.2024. വെബ്സൈറ്റ്: www.niapune.org.in.