കൊച്ചി: ശബരിമല സന്നിധാനത്തും പരിസരങ്ങളിലും ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ ദേവസ്വംബോർഡും സർക്കാർ സംവിധാനങ്ങളും പരാജയപ്പെട്ടതായി ബി.ജെ.പി ദേശീയ നിർവാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടപടികൾ ഏകോപിപ്പിക്കേണ്ട ദേവസ്വംമന്ത്രിയും മേൽനോട്ടം വഹിക്കേണ്ട മുഖ്യമന്ത്രിയും യാത്രയിലാണ്. ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാനും തീർത്ഥാടനം സുഗമമാക്കാനും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം.

പ്രാഥമിക സൗകര്യങ്ങൾ, വെള്ളം തുടങ്ങിയവ ലഭിക്കുന്നില്ല.ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിക്കണം. വിശ്വഹിന്ദു പരിഷത്ത്, അഖിലഭാരത അയ്യപ്പ സേവാസംഘം, അയ്യപ്പസമാജം തുടങ്ങിയ സന്നദ്ധ സംഘടനകളെ സേവനത്തിനായി നിയോഗിക്കണം.
ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതിഅംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, അഡ്വ. കെ.വി. സാബു എന്നിവരും പങ്കെടുത്തു.