കോലഞ്ചേരി: കോലഞ്ചേരി -ധനുഷ്‌കോടി ദേശീയപാതയിൽ നിന്ന് തോന്നിക്ക കടയ്ക്കനാട് മഴുവന്നൂർ റൂട്ടിലുള്ള ഞെരിയാംകുഴി പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ ഒരുവശത്തുള്ള കെട്ടിടിഞ്ഞ് ഞെരിയാംകുഴി തോട്ടിലേക്ക് വീണു. കാലപ്പഴക്കത്തിൽ കെട്ട് ഇടിഞ്ഞതാണൈന്നാണ് പ്രാഥമികനിഗമനം.
1985ൽ ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതിയിൽപ്പെടുത്തി പണിത പാലമാണിത്. മുൻ എം.പി ഇന്നസെന്റിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽപ്പെടുത്തി ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ റോഡിനു കുറുകെയാണ് പാലം. റോഡ് നിർമ്മാണ ഘട്ടത്തിൽത്തന്നെ പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. മഴുവന്നൂർ പഞ്ചായത്തിന്റെ കടയ്ക്കനാട്, മഴുവന്നൂർ, നെല്ലാട്, മംഗലത്തുനട, തട്ടാംമുഗൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിലേയ്ക്ക് എളുപ്പം എത്താവുന്ന റോഡാണിത്. കെട്ട് പൂർണമായും ഇടിഞ്ഞ് തോട്ടിലേയ്ക്ക് വീണാൽ വൻ അപകടത്തിന് വഴിവെയ്ക്കും. നെൽക്കൃഷിയുള്ള ഞെരിയാംകുഴി പാടശേഖരത്തിൽ നിന്ന് പെരുവുംമൂഴി തോട്ടിലേയ്ക്ക് നീരൊഴുക്കുള്ള തോടിന് കുറുകെയുള്ള പാലം ഇടിഞ്ഞാൽ വെള്ളക്കെട്ടുണ്ടാവുകയും കൃഷി നശിക്കുകയും ചെയ്യുമെന്ന ആശങ്കയും കർഷകർക്കുണ്ട്. മേഖലയിൽ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ ഗോഡൗണുകളിലേയ്ക്ക് അമിതഭാരവുമായി കണ്ടെയ്‌നർ ലോറികൾ പോകുന്നതും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. മഴുവന്നൂർ ഭാഗത്ത് നിന്നും കോലഞ്ചേരിയിലേക്ക് വരുന്ന എളുപ്പ വഴിയാണിത്. തത്ക്കാലം വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്.
പാലം പുതുക്കി പണിയുന്നതിനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വിഭാഗം തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വൈകാതെ തീരുമാനമാകും.
അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ
പാലത്തിന് ഇരുവശവും ആധുനിക നിലവാരത്തിലുള്ള റോഡാണ്. പാലത്തിലെത്തുമ്പോൾ ഇടിഞ്ഞ ഭാഗത്ത് ടാർ വീപ്പ വച്ചാണ് അപകടമുന്നറിയിപ്പ് നൽകുന്നത്. റോഡിനെ കുറിച്ച് അറിയാതെ എത്തുന്നവർ അപകടത്തിൽപ്പെടാൻ സാദ്ധ്യത കൂടുതലാണ്. അപകടത്തിന് കാത്തു നിൽക്കാതെ അടിയന്തരമായി പാലം പൊളിച്ചു പണിയാൻ നടപടി വേണം
ജെയിംസ് പാറക്കാട്ടിൽ, പൊതുപ്രവർത്തകൻ