
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിഎം.എൽ.എയെ ഉൾപ്പെടെ ആക്രമിച്ചതിനെതിരെ 14 നിയമസഭാ മണ്ഡലങ്ങളിൽ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് കോൺഗ്രസ് മാർച്ച് നടത്തി.
ജില്ലയെ കലാപകലുഷിതമാക്കിയാണ് നവകേരളസദസ് കടന്നുപോയത്. കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്ന ജനാധിപത്യ രീതി സ്വീകരിച്ചവരെയാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന സംഘം ആക്രമിച്ചത്. പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പരിക്കേറ്റ പ്രവർത്തകരെ കാണാൻ ആശുപത്രിയിലെത്തിയ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ ആക്രമിച്ചു. തടയാൻ ശ്രമിച്ച ഡ്രൈവറുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു.
ഷൂ എറിഞ്ഞുള്ള സമരത്തോട് കോൺഗ്രസിന് യോജിപ്പില്ല. അതിന്റെ പേരിൽ നരഹത്യയ്ക്ക് കേസെടുക്കുന്നത് ഭീരുത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരായ ഉമ തോമസ്, റോജി എം. ജോൺ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.