kidnap

കൊച്ചി: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞ് ചങ്കുപിടഞ്ഞവരാണ് നാം. പോയവർഷം അവളുടെ പ്രായമുള്ള 849 കുരുന്നുകളെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൻതുക മോചനദ്രവ്യമടക്കം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയത് ! അതേവർഷം 16 വയസിൽ താഴെ പ്രായമുള്ള 32,863 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ടാണിത്.

മഹാഭൂരിഭാഗം കുട്ടികളെയും രക്ഷപെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് മുമ്പന്തിയിൽ. 152 പേർ. 73 പെൺകുട്ടികളും 79 ആൺകുട്ടികളും. തൊട്ടുപിന്നിൽ മദ്ധ്യപ്രദേശ്. 46 ആൺകുട്ടികളും 61 പെൺകുട്ടികളുമടക്കം 107 പേർ. ഉത്തർപ്രദേശാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 55 കുരുന്നുകൾ. കേരളത്തിൽ ഒമ്പത് കുട്ടികളാണ് കഡ്‌നാപ്പ് ചെയ്യപ്പെട്ടത്. മിസോറാം, മേഘാലയ, തൃപുര, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ഒരുകുഞ്ഞുകുട്ടിപോലും കടത്തപ്പെട്ടിരുന്നില്ല.

കേസുകൾ ഓരോ വർഷവും ഉയരുകയാണ്. പോയവർഷം രാജ്യത്ത് രജിസ്റ്റർ ചെയ്തത് 1,07,588 കിഡ്‌നാപ്പിംഗ് കേസുകളാണ്. 2021ൽ 1,01,707 കേസുകൾ ഉണ്ടായിരുന്നിടത്ത് നിന്നായിരുന്നു ഉയർച്ച. 2020ൽ കേസുകളുടെ എണ്ണം 84,805 ആയിരുന്നു. സംസ്ഥാനത്ത് 2022ൽ 403 തട്ടിക്കൊണ്ടുപോകൽ കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. 2021ൽ 364 കേസും 2020ൽ 307 കേസും മാത്രമായിരുന്നു കേരളത്തിൽ.

 കോഴിക്കോട്

2022ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകൽ കേസ് കോഴിക്കോടാണ്. കൊച്ചിയാണ് തൊട്ടുപിന്നിൽ. 19 കേസ്. കോഴിക്കോട് 2021ൽ 21 കേസുകളും 2020ൽ 12 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. 93.7 ശതമാനം കേസുകളിൽ ചാർജ് ഷീറ്റ് നൽകി കേരളമാണ് മുന്നിൽ.

 നഗരം- കേസുകൾ
• ഡൽഹി - 111
• മുംബയ് - 38
• ബംഗളൂരു - 17
• ജയ്പൂർ - 11
• സൂറത്ത് - 8
• കൊച്ചി - 0

(കിഡ്നാപ്പിംഗ് -6 വയസിൽ താഴെ )

 കിഡ്‌നാപ്പിംഗ് കാരണങ്ങൾ
• കൊലപ്പെടുത്തൽ - 1
• മോചനദ്രവ്യം - 65
• പ്രതികാരം - 18
• വിവാഹത്തിനായി - 29
• പണം തിരികെ വാങ്ങാൻ - 16

 സംസ്ഥാനം- 2020 - 2021- 2022
ഉത്തർപ്രദേശ് -12,913- 14554- 16,263
മദ്ധ്യപ്രദേശ് - 7320- 9511-10,409
മഹാരാഷ്ട്ര - 8103 -10502 -12,260
കേരളം - 307 -364 -403

( ആകെ തട്ടിക്കൊണ്ടുപോകൽ കേസ് )