തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തിന്റെ പ്രധാന ചടങ്ങായ തൃക്കേട്ട പുറപ്പാട് ഇന്ന് നടക്കും. ശ്രീപൂർണത്രയീശൻ സ്വർണക്കോലത്തിൽ എഴുന്നള്ളി സ്വർണക്കുടത്തിൽ കാണിക്ക സ്വീകരിക്കുന്ന അസുലഭ മുഹൂർത്തമാണ്. വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ആനപ്പുറത്ത് ഓടിക്കളിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ഭഗവാൻ ദർശനം നൽകുകയായിരുന്നുവെന്നാണ് ഐതിഹ്യം. തുടർന്ന് എഴുന്നള്ളിപ്പിനുമുന്നിൽ വില്വമംഗലം സ്വാമിയാർ കാണിക്ക സമർപ്പിച്ച് മടങ്ങുകയായിരുന്നു. തൃക്കേട്ട പുറപ്പാടും കാണിക്ക സമർപ്പണവും ഇതിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
ഇന്ന് വൈകിട്ട് 7 മുതൽ വിളക്ക് എഴുന്നള്ളിപ്പ് ആരംഭിച്ച ശേഷം 8 ന് ദേവസ്വം അധികൃതർ സ്വർണക്കുടം സ്ഥാപിക്കും. ആദ്യ കാണിക്ക സമർപ്പണം കൊച്ചി രാജകുടുംബത്തിലെ മുതിർന്ന അംഗം നിർവഹിക്കും. തൃക്കേട്ട മുതൽ ഭഗവാന്റെ കോലം വഹിക്കുന്ന ഗജരാജന് ആനച്ചമയങ്ങൾ സ്വർണം കൊണ്ടുള്ളതാണ്. കൂടാതെ ഇത്തവണ തൃക്കേട്ട മുതൽ ആറാട്ട് വരെ ശ്രീപൂർണത്രയീശന് അകമ്പടിയായി വാളും പരിചയും വെള്ളിവടിയും ഉണ്ടാകും. കാണിക്ക സമർപ്പണം രാത്രി 11.30 വരെ നീളും.